ജയില്‍ ഭക്ഷണത്തില്‍ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്.


തടവുകാര്‍ ഏറെ ആസ്വദിച്ച്‌ കഴിക്കുന്ന മട്ടനും മീന്‍ കറിയും ജയില്‍ മെനുവില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത.

ഇതുസംബന്ധിച്ച്‌ ജയില്‍ വകുപ്പ് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചു. ഉയര്‍ന്ന ചെലവും ആരോഗ്യപരമായ കാരണങ്ങളും സംഭരണ ബുദ്ധിമുട്ടും ചൂണ്ടിക്കാണിച്ചാണ് ഈ രണ്ട് വിഭവങ്ങളും ഒഴിവാക്കണമെന്ന ജയില്‍ വകുപ്പിന്റെ ആവശ്യം.

മട്ടനും മീനും ഒഴിവാക്കി പകരം കോഴിക്കറിയും സോയാബീന്‍ ചങ്ക്സും മുട്ടയും ഉള്‍പ്പെടുത്തണമെന്നാണ് ജയില്‍ മേധാവി എസ് ശ്രീജിത്ത് ആഭ്യന്തര വകുപ്പിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ ആഴ്ചയില്‍ ഒരുതവണ മട്ടനും രണ്ടുതവണ മീനും നല്‍കുന്നു. തിങ്കളും ബുധനും ഉച്ചഭക്ഷണത്തോടൊപ്പം 140 ഗ്രാം മീന്‍ കറിയും ശനിയാഴ്ച ഉച്ചഭക്ഷണത്തിന് 100 ഗ്രാം മട്ടനുമാണ് നല്‍കുന്നത്.

ഈ മാറ്റത്തിലൂടെ വര്‍ഷം തോറും ഏകദേശം 5.7 കോടി രൂപ വരെ ലാഭിക്കാന്‍ കഴിയുമെന്നാണ് ജയില്‍ അധികൃതരുടെ പ്രതീക്ഷ. മട്ടന്‍ നല്‍കാന്‍ വരുന്ന ചെലവ് 5.72 കോടി രൂപയാണെങ്കില്‍, മീന്‍ നല്‍കാന്‍ 4.8 കോടിയാണ് ചെലവ്. മട്ടന് പകരം കോഴിക്കറി നല്‍കിയാല്‍ 1.26 കോടി രൂപയേ വരൂ. മീന് പകരം സോയയും മുട്ടയും നല്‍കാനും 3.4 കോടി രൂപ മതിയാകും. മട്ടന്‍ പോലുള്ള റെഡ്മീറ്റുകള്‍ തുടര്‍ച്ചയായി കഴിക്കുന്നത് മൂലം ഹൃദ്രോഗ സാധ്യത വര്‍ധിക്കുന്നതും മെനുവില്‍ മാറ്റം വരുത്താന്‍ അധികൃതര്‍ക്ക് പ്രേരണയായി.

Previous Post Next Post