തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദ്യാർഥികളുടെ ചിത്രങ്ങള്‍ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പൊലീസ്.
കേസിലെ പ്രതിയും എം.ബി.ബി.എസ്. വിദ്യാർഥിയുമായ വയനാട് സ്വദേശി ഏബല്‍ അഗസ്റ്റിന്റെ ഫോണിന്റെ ഫോറൻസിക് പരിശോധനാ ഫലം ലഭിക്കാനാണ് അന്വേഷണ സംഘം കാത്തിരിക്കുന്നത്.
സഹപാഠികളുടെ ചിത്രങ്ങള്‍ മോർഫ് ചെയ്ത് റെഡ്ഡിറ്റ്, ഇൻസ്റ്റഗ്രാം, ടെലഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നത് ആരാണെന്ന് കണ്ടെത്താൻ പോലീസിന് സാധിക്കാതെ വന്നപ്പോഴാണ് ഒരു വിദ്യാർഥി സ്വന്തം നിലയില്‍ അന്വേഷണം ആരംഭിച്ചത്. ഒടുവില്‍ നടത്തിയ സമാന്തര അന്വേഷണത്തിലാണ് പ്രതി തങ്ങളുടെ തന്നെ സഹപാഠിയായ ഏബല്‍ അഗസ്റ്റിനാണെന്ന് വിദ്യാർഥികള്‍ തിരിച്ചറിഞ്ഞത്.
മെഡിക്കല്‍ വിദ്യാർഥികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്ന ചിത്രങ്ങളാണ് പിന്നീട് വിവിധ സൈറ്റുകളില്‍ മോർഫ് ചെയ്ത് പ്രചരിച്ചത്. ഇതോടെ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ആശങ്കയിലായി. പോലീസില്‍ പരാതി നല്‍കിയിട്ടും പ്രതിയെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് വിദ്യാർഥികളില്‍ ഒരാള്‍ റെഡ്ഡിറ്റില്‍ അക്കൗണ്ട് ആരംഭിച്ച് അന്വേഷണത്തിനിറങ്ങുകയായിരുന്നു.
നഗ്നചിത്രങ്ങള്‍ അശ്ലീല കുറിപ്പുകള്‍ക്കൊപ്പം പ്രചരിപ്പിച്ചിരുന്ന അക്കൗണ്ട് കണ്ടെത്തിയ ശേഷം ഇയാളുമായി സൗഹൃദം സ്ഥാപിക്കുകയും ടെലഗ്രാം അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കുകയും ചെയ്തു. ഇതോടെയാണ് പിന്നിലുള്ള വ്യക്തിയെക്കുറിച്ചുള്ള നിർണായക വിവരങ്ങള്‍ ലഭിച്ചത്. അക്കൗണ്ടിന് പിന്നില്‍ മറ്റാരുമല്ല, തങ്ങളുടെ സുഹൃത്തായ ഏബല്‍ അഗസ്റ്റിനാണെന്ന് വിദ്യാർഥികള്‍ കണ്ടെത്തുകയായിരുന്നു.
തുടർന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഏബലിനെ അറസ്റ്റ് ചെയ്തു. എന്നാല്‍ ജാമ്യം ലഭിച്ച് പ്രതി വേഗത്തില്‍ പുറത്തിറങ്ങിയതോടെ വിദ്യാർഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. അർധരാത്രിയില്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷൻ വിദ്യാർഥികള്‍ ഉപരോധിച്ചു. കൂടുതല്‍ കേസുകള്‍ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ആവശ്യം.
തുടർന്ന് അഞ്ച് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. ഏബലിനെ വീണ്ടും അറസ്റ്റ് ചെയ്യുകയും പിന്നാലെ കോളേജില്‍നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. നിലവില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുകയാണ് പ്രതി.