സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും 25ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ യുഡിഎഫ് പ്രഖ്യാപിച്ച ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്.
പദ്ധതിയുടെ ഡി പി ആർ തയ്യാറാക്കുന്നതിനായി ഇൻഷുറൻസ് രംഗത്തെ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി സാങ്കേതിക സമിതി രൂപീകരിച്ചതായി ആരോഗ്യ ദേവസ്വം മന്ത്രി കെ മുരളീധരൻ അറിയിച്ചു. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ മുൻ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറും സംസ്ഥാന മുൻ ഇൻഷുറൻസ് ഓംബുഡ്സ്മാനുമായ ഗിരീഷ് രാധാകൃഷ്ണൻ, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ മുൻ അംഗം പിജെ ജോസഫ്, നാഷണല്‍ ഇൻഷുറൻസ് കമ്പനിയുടെ മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.സനത് കുമാർ എന്നിവരാണ് സമിതിയിലെ വിദഗ്ദ്ധർ.
ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ ധനകാര്യ, ആസൂത്രണ സെക്രട്ടറിമാർ, സ്റ്റേറ്റ് ഹെല്‍ത്ത് ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടർ എന്നിവരും അംഗങ്ങളായിരിക്കും. പദ്ധതിയുടെ വിശദമായ റിപ്പോർട്ട് നാല് മാസത്തിനകം സമർപ്പിക്കാനാണ് സാങ്കേതിക സമിതിക്ക് സർക്കാർ നിർദേശം നല്‍കിയിരിക്കുന്നത്.