സര്‍ക്കാര്‍ ചെലവിലല്ല ഞാന്‍ വിദേശയാത്ര നടത്തിയത്; യാത്രകള്‍ ഒന്നും വിവാദമാക്കേണ്ട കാര്യമില്ല: മന്ത്രിമാര്‍ക്ക് സ്വകാര്യ നിമിഷങ്ങള്‍ പാടില്ലേ? തന്റെ വയസ് 37 ആണ്, തന്ത വൈബ് പിടിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി ഒ ജെ ജനീഷ്.


ഭരണസിരാകേന്ദ്രങ്ങളില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് ആദ്യ മാസങ്ങളില്‍ തന്നെ മന്ത്രിമാരുടെ വിദേശയാത്രകള്‍ വിവാദമാണെന്ന വിധത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുമ്പോള്‍ തിരിച്ചടിച്ച്‌ കായിക മന്ത്രി ഒ.ജെ.ജനീഷ്. മന്ത്രിമാര്‍ വിദേശത്ത് പോകുന്നതിനെയും സ്വകാര്യ യാത്രകള്‍ നടത്തുന്നതിനെയും വെറുതെ വിവാദമാക്കേണ്ട യാതൊരു കാര്യവുമില്ലെന്ന് മന്ത്രി കൊല്ലത്ത് വ്യക്തമാക്കി.

മന്ത്രിമാര്‍ക്ക് സ്വകാര്യ നിമിഷങ്ങള്‍ പാടില്ലേ? ഇത് ഏത് കാലമാണ്! തന്റെ വയസ്സ് 37 ആണ്, അല്ലാതെ 'തന്ത വൈബ്' പിടിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല,' എന്നായിരുന്നു യുവമന്ത്രിയുടെ തട്ടിക്കയറിയുള്ള മറുപടി. തന്റെ വിദേശസന്ദര്‍ശനത്തിന് പണം സര്‍ക്കാറില്‍ നിന്നല്ലെന്നാണ് ജനീഷ് തുറന്നടിച്ചിരിക്കുന്നത്. പ്രതിപക്ഷം മുന്‍കാലങ്ങളില്‍ നടത്തിയ വിദേശ സന്ദര്‍ശനങ്ങള്‍ പോലെയല്ല തങ്ങളുടേതെന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നതില്‍ തെറ്റില്ലെന്നുമാണ് മന്ത്രിയുടെ വാദം. കുടുംബസമേതം ഒമാനിലേക്കായിരുന്നു ഒ.ജെ. ജനീഷിന്റെ സമീപകാല സന്ദര്‍ശനം. ഒമാനില്‍ നിന്നുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് യാത്ര പുറത്തറിയുന്നതും വിമര്‍ശനങ്ങള്‍ ഉയര്‍ന്നതും.

അതിനിടെ, കായിക വകുപ്പിനെ ഉലച്ച അര്‍ജന്റീന താരം ലയണല്‍ മെസ്സിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കടുത്ത നിലപാടിലേക്ക് കടക്കുകയാണെന്ന് കായിക മന്ത്രി അറിയിച്ചു. മെസ്സിയെ കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ കോടികളുടെ തട്ടിപ്പില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ഇന്റര്‍പോളിന്റെ വരെ സഹായം തേടേണ്ട അവസ്ഥയാണുള്ളതെന്ന് ജനീഷ് പറഞ്ഞു. തട്ടിപ്പില്‍ കായിക വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് എന്തെങ്കിലും രീതിയിലുള്ള പങ്കോ താല്പര്യങ്ങളോ ഉണ്ടോയെന്ന് കര്‍ശനമായി അന്വേഷിക്കും.


Previous Post Next Post