വിരമിച്ചതിന് പിന്നാലെ ഇൻസ്റ്റഗ്രാമില്‍ പെയ്ഡ് സബ്സ്‌ക്രിപ്ഷൻ; 199 രൂപയ്ക്ക് ആയിരത്തോളം പേര്‍, സൈന്യത്തിന് നാണക്കേടെന്ന് വിമര്‍ശനം.

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ മുൻ എഡിസി (എയ്ഡ്-ഡി-ക്യാമ്പ്) മേജർ ഋഷഭ് സിംഗ് സാംബ്യാല്‍ സൈനിക സേവനത്തില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ പുതിയ ചർച്ചകള്‍ക്ക് തുടക്കമിട്ട് സോഷ്യല്‍ മീഡിയയിലെ തന്റെ വരുമാന മാർഗം.ഏകദേശം 12 വർഷത്തെ സൈനിക സേവനത്തിനുശേഷമാണ് ഋഷഭ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഒരു മകന്റെ നിലയില്‍ തനിക്ക് നിർവഹിക്കാനുള്ള ചില ഉത്തരവാദിത്വങ്ങളുണ്ടെന്നും അതിനായാണ് സൈനിക ജീവിതത്തോട് വിടപറയുന്നതെന്നും രാജ് ഷമാനിയുമായുള്ള പോഡ്കാസ്റ്റില്‍ ഋഷഭ് വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതിയുടെ എഡിസിയായി പ്രവർത്തിച്ചിരുന്ന കാലത്ത് തന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ശ്രദ്ധ നേടിയിരുന്നു. ഇതോടെ വലിയൊരു ആരാധകവൃന്ദവും ഋഷഭിനുണ്ടായി.ഇതിനിടെയാണ് ഇൻസ്റ്റഗ്രാമില്‍ പെയ്ഡ് സബ്സ്‌ക്രിപ്ഷൻ സംവിധാനവുമായി ഋഷഭ് രംഗത്തെത്തിയത്. പ്രതിമാസം 199 രൂപ നല്‍കി അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പേജിലെ സബ്സ്‌ക്രിപ്ഷൻ എടുക്കാം. നിലവില്‍ ആയിരത്തോളം പേർ സബ്സ്‌ക്രിപ്ഷൻ എടുത്തതായാണ് വിവരം.

എന്നാല്‍ പുതിയ നീക്കം സമൂഹമാധ്യമങ്ങളില്‍ വ്യത്യസ്ത പ്രതികരണങ്ങള്‍ക്കാണ് വഴിവച്ചത്. ജാട്ട് റെജിമെന്റിലും 4 പാരാ സ്പെഷ്യല്‍ ഫോഴ്സിലും ഉള്‍പ്പെടെ 12 വർഷം സേവനമനുഷ്ഠിച്ച മുൻ സൈനിക ഉദ്യോഗസ്ഥൻ സോഷ്യല്‍ മീഡിയ ഉള്ളടക്കത്തിന് പണം ഈടാക്കുന്നത് ശരിയായ നടപടിയല്ലെന്ന വിമർശനമാണ് ചിലർ ഉയർത്തുന്നത്. സൈനിക സേവനത്തിന്റെ പ്രതിച്ഛായയെ ഇത് ബാധിക്കുമെന്ന തരത്തിലുള്ള പ്രതികരണങ്ങളും ഉണ്ടായി.അതേസമയം, വിരമിച്ച ശേഷം തന്റെ കഴിവുകളും സോഷ്യല്‍ മീഡിയയിലെ ജനപ്രീതിയും ഉപയോഗപ്പെടുത്തി പുതിയ പ്രൊഫഷണല്‍ അവസരങ്ങള്‍ കണ്ടെത്താനും വരുമാനം നേടാനും ഋഷഭിന് അവകാശമുണ്ടെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം. സൈനിക സേവനത്തില്‍ നിന്ന് വിരമിച്ചതിന് ശേഷമുള്ള വ്യക്തിയുടെ തൊഴില്‍ തിരഞ്ഞെടുപ്പിനെ വിമർശിക്കേണ്ടതില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
Previous Post Next Post