കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപ്പിഴവ് ആരോപണം. കൂടല്‍ സ്വദേശിനിയായ പതിനാറുകാരിക്ക് നല്‍കിയത് 88കാരിയുടെ എക്സ് റേ.
രോഗിയുടെ പേരും വയസ്സും ശ്രദ്ധിക്കാതെ എക്സ് റേ ഫിലിം പരിശോധിച്ച ഡോക്‌ടര്‍ പെണ്‍കുട്ടിക്ക് മരുന്നും കുറിച്ചു. സംഭവം വിവാദമായതോടെ, ആശുപത്രി സൂപ്രണ്ട് റേഡിയോളജി വകുപ്പ് മേധാവിയില്‍നിന്ന് വിശദീകരണം തേടി.
ഈ മാസം 14നാണ് പതിനാറുകാരി ശ്വാസം മുട്ടലിന് ചികിത്സ തേടിയെത്തിയത്. പരിശോധനകള്‍ക്കൊടുവില്‍ ഡോക്‌ടര്‍ എക്സ് റേ എടുക്കാന്‍ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ നിന്ന് എക്സ് റേ എടുത്ത പെണ്‍കുട്ടിക്ക്, നട്ടെല്ലിനു വളവുള്ള 88കാരിയുടെ എക്സ് റേ ഫിലിമാണ് റേഡിയോളജിസ്റ്റ് മാറി നല്‍കിയത്. എക്സ് റേ ഫിലിമില്‍ രോഗിയുടെ പേരും വയസ്സും ഉള്‍പ്പെടെ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഫിലിം പരിശോധിച്ച ഡോക്‌ടര്‍ അതൊന്നും ശ്രദ്ധിക്കാതെ, ശ്വാസതടസ്സത്തിനും വേദനയ്ക്കുമുള്ള മരുന്ന് കുറിച്ചു നല്‍കുകയായിരുന്നു.