ബിവറേജസ് കോര്‍പ്പറേഷൻ 10 കോടി രൂപ ലാഭവിഹിതം കൈമാറി.

കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ സർക്കാരിന് 10 കോടി രൂപയുടെ ലാഭവിഹിതം കൈമാറി. മുഖ്യമന്ത്രി വി. ഡി. സതീശന്റെയും എക്‌സൈസ്, സഹകരണ വകുപ്പ് മന്ത്രി എം.ലിജുവിന്റെയും സാന്നിധ്യത്തില്‍ കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ ചെയർപേഴ്‌സണും മാനേജിംഗ് ഡയറക്ടറുമായ യോഗേഷ് ഗുപ്ത ലാഭവിഹിതത്തിന്റെ ചെക്ക് നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാലിന് കൈമാറി.

2026-27 സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസങ്ങളില്‍ കോർപ്പറേഷൻ സംസ്ഥാന ഖജനാവിലേക്ക് 8,615.29 കോടി രൂപയാണ് നികുതിയിനത്തില്‍ നല്‍കിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 1,135 കോടി രൂപയുടെ വർധനയുണ്ട്.

2026 ഓഗസ്റ്റ് 31 വരെയുള്ള കണക്കുകള്‍ പ്രകാരം കോർപ്പറേഷൻ 9,584 കോടി രൂപയുടെ വില്‍പ്പന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ 8,637.95 കോടി രൂപയുടെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗണ്യമായ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്.ഉപഭോക്താക്കളുടെ ആവശ്യവും മുൻഗണനയും, ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനാ ചലനം, സംഭരണത്തിനുള്ള സ്ഥലസൗകര്യം, വിതരണ ശൃംഖലയുടെ യുക്തിസഹമായ ക്രമീകരണം തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കി ശാസ്ത്രീയമായ ഇൻവെന്ററി മാനേജ്‌മെന്റ് സംവിധാനം കോർപ്പറേഷൻ നടപ്പാക്കിയിട്ടുണ്ട്. ഇതുവഴി ഉപഭോക്തൃ സംതൃപ്തി ഗണ്യമായി മെച്ചപ്പെടുത്താനും വില്‍പ്പന വർധിപ്പിക്കാനും സാധിച്ചിട്ടുണ്ട്. കൂടാതെ, എല്ലാ പ്രവർത്തനങ്ങളിലും നീതിയും സുതാര്യതയും ഉറപ്പാക്കാനും ഈ സംവിധാനം സഹായിച്ചിട്ടുണ്ട്.

ഉപഭോക്താക്കളുടെ ക്യൂവും കാത്തിരിപ്പ് സമയവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കോർപ്പറേഷന്റെ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ പൂർണമായും ആധുനികവത്കരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്.
Previous Post Next Post