സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണത്തില്‍ സമഗ്രമായ മാറ്റം വരുന്നു. സ്റ്റേഷൻ ഭരണച്ചുമതല ഇന്ന് മുതല്‍ സബ് ഇൻസ്പെക്ടർമാർ ഏറ്റെടുക്കും.പോലീസിനെ കൂടുതല്‍ ജനകീയമാക്കാനും ശാസ്ത്രീയ അന്വേഷണ രീതികള്‍ നടപ്പിലാക്കാനും ലക്ഷ്യമിട്ട് സർക്കാർ ആവിഷ്കരിച്ച 'എന്റെ പോലീസ് സ്റ്റേഷൻ' പദ്ധതിയിലൂടെയാണ് ഈ ചരിത്രപരമായ മാറ്റം നടപ്പിലാക്കുന്നത്.
വളരെ പ്രധാനപ്പെട്ട 64 പോലീസ് സ്റ്റേഷനുകളില്‍ മാത്രമായിരിക്കും ഇനിമുതല്‍ ഇൻസ്പെക്ടർമാർ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി തുടരുക. ബാക്കി ഭൂരിഭാഗം സ്റ്റേഷനുകളുടെയും ഭരണം എസ്‌ഐമാർക്കായിരിക്കും. പോലീസിനെ കൂടുതല്‍ ജനകീയമാക്കാനുള്ള 'എന്റെ പോലീസ് സ്റ്റേഷൻ' പദ്ധതി മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്യും.കേരള പോലീസ് സംവിധാനത്തില് സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റുന്ന കര്മ പദ്ധതിക്കാണ് സർക്കാർ നേതൃത്വം നല്കുന്നതെന്നും, ഇത് ചരിത്രപരമായ തീരുമാനമാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇന്ത്യയില് ആദ്യമായിട്ടാണ് പോലീസ് സ്റ്റേഷന് കേന്ദ്രീകരിച്ച് ഇത്തരമൊരു പരിഷ്കരണം നടക്കുന്നതെന്നും ജനങ്ങള്ക്ക് കൂടുതല് മെച്ചപ്പെട്ട സേവനങ്ങള് നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.