പാലക്കാട് റെയില്‍വേ ഡിവിഷൻ വിഭജനം; കേരളത്തിന്റെ തിരിച്ചടി കര്‍ണാടകത്തിന് നേട്ടം, തിരുവോണ ദിവസം സത്യഗ്രഹ സമരത്തിന് യുഡിഎഫ് എം പിമാര്‍

പാലക്കാട്‌ റെയില്‍വേ ഡിവിഷൻ വിഭജനത്തില്‍ കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം. മൈസൂരു റെയില്‍വേ ഡിവിഷന്റെ വരുമാനം വർധിക്കും.

വാർഷിക വരുമാനത്തില്‍ 500-600 കോടിയുടെ വർദ്ധനവാണ് ഉണ്ടാവുക. എന്നാല്‍, പനമ്പുർ നഷ്ടമാകുന്നത് പാലക്കാട്‌ ഡിവിഷന്റെ വരുമാനം ചോർത്തും. വാർഷിക വരുമാനത്തില്‍ 1100 കോടിയോളം രൂപയുടെ കുറവുണ്ടാകും. പാലക്കാടിന്റെ 90 ശതമാനം വരുമാനവും ചരക്ക് നീക്കത്തില്‍ നിന്നാണ്. മംഗളൂരു സെൻട്രല്‍, മംഗളൂരു ജംഗ്ഷൻ സ്റ്റേഷനുകള്‍ പോകുന്നത് ടിക്കറ്റ് വരുമാനത്തേയും ബാധിക്കും. റെയില്‍വേക്ക് വരുമാനം കുറയില്ലെങ്കിലും കേരളത്തിന് തിരിച്ചടിയാകും. പാലക്കാട്‌ ഡിവിഷന്റെ നിലനില്‍പ് പ്രതിസന്ധിയിലാകും.

പാലക്കാട് ഡിവിഷന് വലിയ സാമ്പത്തിക നഷ്ടം

പാലക്കാട് ഡിവിഷനെ വെട്ടിമുറിച്ച്‌ ഉള്ളാള്‍ മുതല്‍ മംഗളൂരു റെയില്‍വേ സ്റ്റേഷൻ അടക്കമുള്ളവയാണ് മൈസൂരു ഡിവിഷൻ്റെ ഭാഗമാകുന്നത്. ഇതോടെ മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്നതും കേരളത്തിലൂടെ സഞ്ചരിക്കുന്നതുമായ ട്രെയിനുകളുടെ നിയന്ത്രണം പൂർണമായും മൈസൂരു ഡിവിഷനിലേക്ക് മാറ്റപ്പെടും. കണ്ണൂരും കോഴിക്കോടും അവസാനിക്കുന്ന ട്രെയിനുകള്‍ മംഗലാപുരത്തേക്ക് നീട്ടണമെങ്കില്‍ ഇനി മൈസൂരു ഡിവിഷന്റെ അനുമതി കൂടി വേണ്ടി വരും. എമർജൻസി ക്വാട്ട ടിക്കറ്റ് അടക്കം ലഭിക്കുന്നതിന് മലബാറില്‍ ഉള്ളവർ മൈസൂരു ഡിവിഷനെ ആശ്രയിക്കണം. പാലക്കാട് റെയില്‍വേ ഡിവിഷനില്‍ കീഴില്‍ ഏറ്റവും അധികം വരുമാനം ഉള്ള പനമ്പൂർ സ്റ്റേഷൻ അടക്കം മൈസൂരു ഡിവിഷനിലേക്ക് മാറ്റപ്പെടും. മംഗളൂരു തുറമുഖത്ത് നിന്ന് കല്‍ക്കരി, വളം, പെട്രോളിയം അടക്കമുള്ള ചരക്ക് നീക്കുന്ന സ്‌റ്റേഷനാണിത്. മംഗളൂരു സെൻട്രല്‍ സ്റ്റേഷനും മാറ്റപ്പെടുന്നതോടെ വലിയ വരുമാന നഷ്ടമാണ് പാലക്കാട് ഡിവിഷന് ഉണ്ടാവുക. ഇത് റെയില്‍വേ വികസനത്തെ ദോഷകരമായി ബാധിക്കും.

Previous Post Next Post