ഇടുക്കി തൊടുപുഴയിലെ 'ഗ്രാൻഡിസ്' എന്ന സ്ഥാപനത്തില്‍ പഠിക്കുന്ന അണക്കര സ്വദേശിയായ 19 വയസ്സുകാരനെ സഹപാഠികള്‍ ക്രൂരമായി മർദിച്ചതായി പരാതി.
ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിലുള്ള പ്രതികാരമായാണ് മർദിച്ചതെന്നാണ് വിവരം. മർദനത്തില്‍ വിദ്യാർഥിയുടെ ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍ ആൻഡ് ലാപ്ടോപ്പ് സർവീസ് കോഴ്സ് പഠിക്കാനാണ് വിദ്യാർഥി ഈ സ്ഥാപനത്തില്‍ എത്തിയത്. 500-ലധികം വിദ്യാർഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. സ്ഥാപനത്തിൻ്റെ ഹോസ്റ്റല്‍ എന്ന നിലയില്‍ ഒരു വീടാണ് സജ്ജീകരിച്ചിരുന്നത്. മൂന്ന് മുറികളിലായി 11 പേരാണ് ഇവിടെ താമസിച്ചിരുന്നത്.
അധ്യാപകരുടെ അനാസ്ഥ
താമസക്കാരില്‍ മൂന്ന് പേർ സ്ഥിരമായി കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ വിദ്യാർഥി വിവരം അധ്യാപകരെ അറിയിച്ചു. അധ്യാപകർ ആവശ്യപ്പെട്ടതിനെ തുടർന്ന് വിദ്യാർഥി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പകർത്തി നല്‍കുകയും ചെയ്തു. തുടർന്ന് അധ്യാപകർ ഹോസ്റ്റലിലെത്തി തിരക്കിയപ്പോള്‍ ഒരു തവണ ലഹരി ഉപയോഗിച്ചതായി ആരോപിക്കപ്പെട്ടവർ സമ്മതിച്ചു.
എന്നാല്‍ ഇവരെ ഉപദേശിച്ച് വിട്ടയക്കുകയല്ലാതെ മറ്റ് നടപടികളെടുക്കാനോ വീട്ടില്‍ വിവരമറിയിക്കാനോ അധികൃതർ തയാറായില്ലെന്ന് മർദനമേറ്റ വിദ്യാർഥി ആരോപിക്കുന്നു. ദൃശ്യങ്ങള്‍ കൈമാറിയത് ഈ 19-കാരനാണെന്ന് മനസ്സിലാക്കിയതോടെ സഹപാഠികള്‍ അസഭ്യം പറയുകയും ക്രൂരമായി മർദിച്ച് ജനനേന്ദ്രിയത്തിന് പരിക്കേല്‍പ്പിക്കുകയും ചെയ്തെന്നാണ് പരാതി.