തിരുവോണനാളില്‍ അട്ടപ്പാടിയില്‍ ഡോക്ടര്‍മാരുടെ കൂട്ട അവധി: ചികിത്സ കിട്ടാതെ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി.

തിരുവോണ ദിനത്തില്‍ ഡോക്ടർമാർ കൂട്ടത്തോടെ അവധിയെടുത്തതിനെ തുടർന്ന് അട്ടപ്പാടി ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ ലഭിക്കാതെ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി.അപസ്മാര ബാധയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, അത്യാഹിത വിഭാഗത്തിലടക്കം ചികിത്സ നല്‍കാൻ ഡോക്ടർമാർ ആരും തന്നെ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് കുടുംബം പരാതിപ്പെടുന്നു.

ആശുപത്രിയില്‍ ആംബുലൻസ് ഡ്രൈവർ ഇല്ലാതിരുന്നതും പ്രതിസന്ധിയുടെ ആഘാതം കൂട്ടി. ഒടുവില്‍ കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടത്തറ ട്രൈബല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും ആംബുലൻസ് സർവീസ് ലഭിക്കാൻ ഏറെ വൈകി. തുടർന്ന് രണ്ട് മണിക്കൂറോളം വൈകിയാണ് കുട്ടിയെ ഐ.സി.യു ആംബുലൻസില്‍ കോട്ടത്തറ ആശുപത്രിയില്‍ എത്തിക്കാനായത്.അടിയന്തര ചികിത്സ അത്യാവശ്യമായ ഘട്ടത്തില്‍ ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നുണ്ടായ ഗുരുതരമായ വീഴ്ചയ്‌ക്കെതിരെ നാട്ടുകാരിലും രോഗികളുടെ ബന്ധുക്കളിലും ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് അട്ടപ്പാടിയിലുള്ളവരുടെ ആവശ്യം.
Previous Post Next Post