പാലക്കാട്ട് എം.ഡി.എം.എയുമായി ദമ്പതികളടക്കം മൂന്നുപേര്‍ പിടിയില്‍.

പാലക്കാട്‌ :ജില്ലയില്‍ വൻ ലഹരിവേട്ട. ഒരു കിലോ എം.ഡി.എം.എയുമായി ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേർ പിടിയില്‍. ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നോർത്ത് പൊലീസും ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് തിങ്കളാഴ്ച പുലർച്ചെ ഒലവക്കോട് ജങ്ഷനില്‍ മൂന്നംഗ സംഘം പിടിയിലായത്.കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിഷി (26), മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അസുറുദ്ദീൻ (30), കർണാടക ദക്ഷിണ കന്നഡ സ്വദേശി ബി. ഫാത്തിമ (27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു കിലോ എം.ഡി.എം.എയും കൊക്കെയ്ൻ, ബ്രൗണ്‍ ഷുഗർ, എല്‍.എസ്.ഡി സ്റ്റാമ്പ്, ഹൈബ്രിഡ് കഞ്ചാവ് തുടങ്ങിയ മാരക ലഹരിവസ്തുക്കളുമാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്.

കഴിഞ്ഞ മൂന്ന് ദിവസമായി ലഹരിസംഘത്തിന് പിന്നാലെയായിരുന്നു പൊലീസ്. റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവുമായി വന്നിറങ്ങിയ ഒരാളില്‍ നിന്നാണ് ഇവരെക്കുറിച്ചുള്ള നിർണായക വിവരങ്ങള്‍ ലഭിച്ചത്. തുടർന്ന് ലഹരിസംഘത്തിന്റെ സാമ്പത്തിക സ്രോതസായ വ്യക്തിയെ ഞായറാഴ്ച രാത്രി ഒലവക്കോട് താണാവ് ഭാഗത്ത് ഡാൻസാഫ് ടീം ആഡംബര വാഹനം തടഞ്ഞ് പിടികൂടി. ഇയാള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച ലഹരിയുമായി എത്തിയവരെ പിടികൂടിയത്.
Previous Post Next Post