സംസ്ഥാനം മഴക്കെടുതിയില്‍ രൂക്ഷ പ്രതിസന്ധി നേരിടുമ്പോള്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പൊന്നാനിയില്‍ മുസ്ലീം ലീഗ് നേതാവിന്‍റെ വിരുന്നില്‍ പങ്കെടുത്തതില്‍ വിമര്‍ശനം.
മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസല്‍ ബഫാഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടില്‍ വിഡി സതീശൻ ഉച്ചഭക്ഷണത്തിനെത്തിയതും സല്‍ക്കാരത്തിന്‍റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വലിയ വിമർശനം ഉയരുന്നത്. ഫൈസല്‍ ബാഫഖി തങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രി വീട്ടില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. വീഡിയോക്ക് താഴെ നിരവധി പേരാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
ഇതിന് പിന്നാലെ പ്രതിപക്ഷവും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. എല്‍ഡിഎഫ് സർക്കാരിന്റെ കാലത്ത് എല്ലാ പരിപാടികളും ക്യാൻസല്‍ ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ ഏകോപിപ്പിച്ചുവെന്നും എന്നാല്‍ ജനം രൂക്ഷമായ മഴക്കെടുതിയില്‍ ദുരിതം പേറുമ്പോള്‍ വിഡി സതീശൻ വിരുന്നുണ്ട് നടക്കുകയാമെന്നുമാണ് വിമർശനം. 'അന്ന്: മുഖ്യമന്ത്രി മുൻ നിശ്ചയിച്ച പരിപാടികളെല്ലാം ക്യാൻസല്‍ ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിന് നേരിട്ട് നേതൃത്വം നല്‍കുന്നു. മന്ത്രിമാരോട് അവർക്ക് ചുമതലയുള്ള ജില്ലകളില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാൻ നിർദ്ദേശം നല്‍കി. ഇന്ന് : ആ ലെഗ് പീസ് ഇങ്ങെടുക്ക്' എന്നാണ് സ്ഥിതിയെന്ന് സിപിഎം നേതാവും മുൻ എംഎല്‍എയുമായ വികെ പ്രശാന്ത് പരിഹസിച്ചു.
റവന്യു മന്ത്രിയുമായും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ആശയ വിനിമയം തുടരുന്നുവെന്ന് മുഖ്യമന്ത്രി, 'മഴ കുറഞ്ഞത് ആശ്വാസകരം'
സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച് റവന്യു മന്ത്രിയുമായും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടവുമായും ആശയവിനിമയം തുടരുന്നു. ഇന്നലത്തെ അപേക്ഷിച്ച് മഴ കുറഞ്ഞത് ആശ്വാസകരമാണ്. വെള്ളം കയറിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം. സര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകും.
ഏറ്റവും പുതിയ കണക്കനുസരിച്ച് എട്ട് മരണം സ്ഥിരീകരിച്ചു. എട്ടു പേരെ കാണാതായിട്ടുണ്ട്. 13 പേര്‍ക്ക് പരുക്കേറ്റു. 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 27 വീടുകള്‍ പൂര്‍ണമായും 196 വീടുകള്‍ ഭാഗീകമായും തകര്‍ന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും വീടും ജീവനോപാദികളും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കും.