സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ സേവന വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് വ്യക്തമായി ലഭ്യമാക്കാൻ നിർദേശം.ആരോഗ്യ സേവനങ്ങള്‍ കൂടുതല്‍ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ ഭാഗമായി എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഡോക്ടർമാരുടെ പേരും ഒ.പി ദിവസവും സമയവും കൃത്യമായി പ്രദർശിപ്പിക്കണമെന്ന് ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ നിർദേശിച്ചു.
താഴെത്തട്ടിലുള്ള പല സർക്കാർ ആശുപത്രികളിലും ഒ.പി സമയത്ത് ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്നില്ലെന്നും രോഗികള്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നുവെന്നും ഉള്‍പ്പെടെ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഇടപെടല്‍.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികള്‍ വരെയുള്ള എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും നിർദേശം അടിയന്തരമായി നടപ്പാക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിക്ക് മന്ത്രി നിർദേശം നല്‍കി.ഓരോ ആരോഗ്യ സ്ഥാപനത്തിലെയും ഡോക്ടർമാരുടെ അനുവദിച്ച തസ്തികകളുടെ എണ്ണം, നിലവിലുള്ള ഒഴിവുകളുടെ എണ്ണം, ഓരോ ഡോക്ടറുടെയും ഒ.പി സമയം, കണ്‍സള്‍ട്ടേഷൻ സമയക്രമം തുടങ്ങിയ വിവരങ്ങള്‍ രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും കാണാവുന്ന തരത്തില്‍ പ്രദർശിപ്പിക്കണം. വിവരങ്ങളില്‍ മാറ്റമുണ്ടാകുന്ന സാഹചര്യത്തില്‍ അവ കൃത്യമായ ഇടവേളകളില്‍ പുതുക്കുകയും വേണം.