മലപ്പുറത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും.
രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നല്‍കാൻ നിർദ്ദേശം നല്‍കി. മോട്ടോർ വാഹന വകുപ്പിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ശേഷമാണ് മലപ്പുറം കീഴശേരി മുണ്ടപറമ്പ് സ്വദേശി ഷൗക്കത്ത് ജീവനൊടുക്കിയത്.
കൈക്കൂലി നല്‍കാത്തതിനെ തുടർന്ന് തന്റെ ഉപജീവന മാർഗമായ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്‍കാതെ അധികൃതർ പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാ കുറിപ്പില്‍ ഉന്നയിചിരിക്കുന്ന ആരോപണം. ഏജന്റ് വഴിയല്ലാതെ എംവിഡിയെ നേരിട്ട് സമീപിച്ചപ്പോള്‍ നിഷേധിച്ചുവെന്നും തന്റെ മരണത്തിന് ഉത്തരവാദികള്‍ മോട്ടോർ വാഹന വകുപ്പ് ആണെന്നും കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ പത്ത് മാസമായി ഏജന്റ് ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. ഇനി എന്റെ മുമ്പില്‍ മറ്റുമാർഗങ്ങളില്ല. അടുത്ത ഇര നിങ്ങളാവരുത് എന്നുണ്ടെങ്കില്‍ മരണത്തിന് ശേഷമെങ്കിലും എനിക്ക് നീതി വാങ്ങിത്തരിക എന്നതാണ് ഒരു ഇന്ത്യൻ സിറ്റിസണ്‍ എന്ന നിലയില്‍ ചെയ്യേണ്ടത്. സിസ്റ്റത്തോടുള്ള പ്രതിഷേധം കൂടിയാണ് എന്റെ ജീവനൊടുക്കാനുള്ള തീരുമാനം. ഓട്ടോയില്‍ സ്റ്റീല്‍ വർക്ക് ഉണ്ടെന്നും പറഞ്ഞാണ് എംവിഡി ഫിറ്റ്നസ് നിഷേധിച്ചത്. ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രിയും, ഹൈക്കോടതിയും വിഷയത്തില്‍ ഇടപെടണമെന്നാണ് അവസാന ആഗ്രഹം.' ഷൗക്കത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.