നേപ്പാള്‍ ദുരന്തത്തില്‍ കാണാതായ ഇന്ത്യാക്കാരുടെ എണ്ണം 250ലധികം; തമിഴ്നാട്ടില്‍ നിന്ന് പോയ 37 പേരെക്കുറിച്ച്‌ വിവരമില്ല.


നേപ്പാള്‍ ദുരന്തത്തില്‍ കാണാതായ ഇന്ത്യക്കാരുടെ എണ്ണം 250ലധികം. തമിഴ്നാട്ടില്‍ നിന്ന് പോയ 37 പേരെക്കുറിച്ച്‌ വിവരമില്ല.

ഇഷ ഫൗണ്ടേഷൻ വഴി പോയ 77 പേരെക്കുറിച്ചും ഇതുവരെ വിവരം കിട്ടിയില്ല. ഹെല്‍പ്പ്ലൈനിലേക്ക് നിരവധി ആളുകളുടെ ബന്ധുക്കള്‍ വിളിക്കുന്നു എന്ന് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു. നേപ്പാള്‍ സർക്കാരുമായി സമ്പർക്കത്തിലാണെന്ന് ഇന്ത്യൻ എംബസി നേരത്തെ അറിയിച്ചിരുന്നു.

ചൈനീസ് ടിബറ്റൻ അതിർത്തിയോട് ചേർന്ന വടക്കൻ നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഇതുവരെ 95 പേരാണ് മരിച്ചത്. നേപ്പാള്‍ ടൂറിസം ബോർഡ് നല്‍കിയ വിവരങ്ങള്‍ അനുസരിച്ച്‌ ആകെ 384 വിനോദസഞ്ചാരികളെ ആണ് കാണാതായത്. ഇതില്‍ 105 പേർ ഇന്ത്യക്കാരാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ദുരന്തത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകർന്നു, പാലങ്ങള്‍ ഒലിച്ചുപോയി. സൈന്യത്തിൻ്റെ നേതൃത്വത്തില്‍ അടിയന്തര രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ടിബറ്റൻ മേഖലയില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നും ഇതേ തുടർന്നുണ്ടായ ഹിമപാതമാണ് നദിയില്‍ വെള്ളപ്പൊക്കത്തിന് കാരണമായതെന്നുമാണ് നേപ്പാള്‍ ഭരണകൂടം പറയുന്നത്.

രാവിലെ എട്ടരയോടെ ആണ് റസുവ ജില്ലയിലെ ഭോട്ടെ കോശി നദിയില്‍ മിന്നല്‍ പ്രളയം ഉണ്ടായത്. ടിബറ്റൻ ഭാഗത്തുനിന്ന് ഉണ്ടായ കനത്ത വെള്ളപ്പാച്ചിലില്‍ സാപ്പു ബസി, തിമൂരെ മേഖലകളിലെ ഗ്രാമങ്ങളും മാർക്കറ്റുകളും ഒലിച്ചുപോയി. 12 പ്രധാന ജലവൈദ്യുത പദ്ധതികളും ട്രാൻസ്മിഷൻ ലൈനുകളും തകരാറിലായി. 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡും പ്രളയത്തില്‍ തകർന്നു. നേപ്പാളിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന ടിബറ്റിലെ ഗയ്റോങ് അതിർത്തിയില്‍ വൻ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടർന്ന് വാർത്താവിനിമയ സംവിധാനങ്ങളും റോഡ് ഗതാഗതവും പൂർണമായും സ്തംഭിച്ചു.

Previous Post Next Post