അയോധ്യ ക്ഷേത്രത്തില്‍ കാണിക്ക എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജി.

അയോധ്യ ക്ഷേത്രക്കൊള്ളയില്‍ അന്വേഷണം ഊർജിതമായിരിക്കേ ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്ന ജീവനക്കാരുടെ കൂട്ടരാജി.ഇരുപതിലേറെ ജീവനക്കാരാണു രാജിവച്ചത്. ഈ വിഭാഗത്തില്‍ 40 ജീവനക്കാരാണുണ്ടായിരുന്നത്. ഇനി 15-20 പേരാണ് അവശേഷിക്കുന്നത്. ബുധനാഴ്ച ഡ്യൂട്ടി കഴിഞ്ഞയുടൻ ജീവനക്കാർ, സംഭാവന എണ്ണലിന്റെ മേല്‍നോട്ട ചുമതലയുള്ള എസ്ബിഐ ബ്രാഞ്ചിലെത്തിയാണു രാജി നല്കിയത്.

ക്ഷേത്രക്കൊള്ളയില്‍ കൂടുതല്‍ ജീവനക്കാരെ അറസ്റ്റ് ചെയ്തേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണു രാജി. അന്വേഷണം തങ്ങളിലേക്ക് എത്തുമോ എന്ന ഭീതിയിലാണ് ജീവനക്കാർ എന്നാണു സൂചന. അതേസമയം, അമിതജോലിഭാരമാണ് രാജിവച്ചവർ കാരണമായി പറയുന്നത്.നേരത്തേ രണ്ടു ഷിഫ്റ്റിലായിരുന്നു ജീവനക്കാർ ജോലി ചെയ്തിരുന്നത്. ഇപ്പോള്‍ അത് ഒറ്റ ഷിഫ്റ്റാക്കി മാറ്റി. മാത്രമല്ല, ഒന്പതു മുതല്‍ പത്തു മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വരുന്നുവെന്നും വേതനം വർധിപ്പിച്ചില്ലെന്നും രാജിവച്ചവർ പറഞ്ഞു. നേരത്തേ മേശകളിലും കസേരകളിലും ആയിരുന്നു കാണിക്ക എണ്ണിയിരുന്നത്. ഇപ്പോള്‍ തറയിലിരുന്ന് എണ്ണണം. സംഭാവനക്കൊള്ള പുറത്തുവന്നതിനു പിന്നാലെ കാണിക്ക എണ്ണുന്ന സ്ഥലത്ത് സുരക്ഷ കർക്കശമാക്കിയിട്ടുണ്ട്.കാണിക്ക എണ്ണുന്ന സ്ഥലത്തേക്കു പ്രവേശിക്കുന്ന ജീവനക്കാരെ പല തവണ ദേഹപരിശോധനയ്ക്കു വിധേയരാക്കുന്നു. നഗ്നപാദരായി, മൊബൈല്‍ഫോണുകളോ മറ്റു വസ്തുക്കളോ ഒഴിവാക്കി വേണം ജീവനക്കാർ അകത്തു പ്രവേശിക്കാൻ. ക്ഷേത്ര സമുച്ചയത്തില്‍ വിവിധ സുരക്ഷാ ചെക്പോയിന്റുകളില്‍ ജീവനക്കാരെ പരിശോധിക്കുന്നു. കാണിക്ക എണ്ണുന്നതിന്റെ മേല്‍നോട്ടത്തിനു മാത്രം നാലു ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.
Previous Post Next Post