തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം പാർലമെന്‍റി പാർട്ടി ലീഡർ എസ് പി ദീപക് ഹൈക്കോടതിയില്‍.
ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയ കൗണ്‍സിലര്‍മാരാണ് മേയർ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതെന്നും ഈ വോട്ട് നിയമപരമായി നിലനില്‍ക്കില്ലെന്നുമാണ് ഹര്‍ജിയിലെ വാദം. കൗണ്‍സിലർമാരുടെ ഇരുവരെയുള്ള നടപടികള്‍ക്കുള്ള നിയമ സംരക്ഷണം കോടതി റദ്ദാക്കണമെന്നും അധികാരമില്ലാത്ത ബിജെപി കൗണ്‍സിലർമാർ വോട്ട് ചെയ്തത് മുനിസിപ്പല്‍ ആക്ടിന് വിരുദ്ധമാണെന്നും ഹർജിയിലുണ്ട്. അപ്പീലില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും 20 ബിജെപി കൗണ്‍സിലർമാർക്കും നോട്ടീസ് അയച്ച കോടതി, മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാൻ നിർദ്ദേശിച്ചു.
പല ദൈവങ്ങളുടെയും ബലിദാനികളുടെയും പേരില്‍ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗണ്‍സിലർമാരുടെ സത്യപ്രതിജ്ഞയാണ് ഹൈക്കോടതി അസാധുവാക്കിയത്. നാല് ആഴ്ചക്കകം അംഗങ്ങള്‍ വീണ്ടും ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യണമെന്നും അതുവരെ കൗണ്‍സില്‍ അംഗമെന്ന അധികാരമുണ്ടാകില്ലെന്നുമായിരുന്നു കോടതി ഉത്തരവ്. ദൃഢപ്രതിജ്‍ഞയോ, ദൈവനാമത്തിലോ വേണം സത്യപ്രതിജ്ഞ ചെയ്യാനെന്നും ദൈവം എന്ന പദത്തിന് പഞ്ചായത്ത് രാജ്, മുനിപ്പല്‍ ചടങ്ങളില്‍ നിർവചനമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. കാപ്പ കേസില്‍ ജയിലിലായ സുഗതൻ്റെയും സത്യപ്രതിജ്ഞ കോടതി അസാധുവാക്കി.