ബ്രസീലിയന്‍ ഫുട്‌ബോളിലെ പോസ്റ്റര്‍ ബോയിയും ഓള്‍ടൈം ഗോള്‍ വേട്ടക്കാരനുമായ നെയ്മര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു.പ്രീക്വാര്‍ട്ടറില്‍ നോര്‍വേയോടു 1-2ന്റെ ഞെട്ടിക്കുന്ന പരാജയമേറ്റ് മഞ്ഞപ്പട പുറത്തായതിനു പിന്നാലെയാണ് അന്താരാഷ്ട്ര ഫുട്‌ബോള്‍ മതിയാക്കുന്നതായി അദ്ദേഹം ആരാധകരെ അറിയിച്ചത്.ടീമിനായി ഏറ്റവുമധികം ഗോളുകളെന്ന അപൂര്‍വ്വ നേട്ടം കുറിച്ചിട്ടും ഒരു ലോകകപ്പിന്റെ തിളക്കമില്ലാതെയാണ് 34 കാരനായ നെയ്മറുടെ കരിയറിനു തിരശീല വീണത്. വിടാതെ പിടികൂടിയ പരിക്കുകള്‍ കാരണം ഒരിക്കലും തന്റെ കഴിവുകളോടു പൂര്‍ണമായും നീതി പുലര്‍ത്താനും അദ്ദേഹത്തിനായില്ല.
ഇത്തവണ ബ്രസീലിന്റെ ലോകകപ്പ് സ്‌ക്വാഡില്‍ നെയ്മര്‍ ഉണ്ടാവില്ലെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. കാരണം പരിക്കുകള്‍ കാരണം അദ്ദേഹം ദീര്‍ഘകാലമായി കളത്തിനു പുറത്തായിരുന്നു. പൂര്‍ണ ഫിറ്റ്‌നസിലേക്കു എത്താതിരുന്നിട്ടും കോച്ച് കാര്‍ലോ ആന്‍സലോട്ടി നെയ്മറുടെ അനുഭവ സമ്പത്തില്‍ വിശ്വാസമര്‍പ്പിച്ച് ഒപ്പം കൂട്ടുകയായിരുന്നു.നോര്‍വേയ്‌ക്കെതിരേയുള്ള കളി കഴിഞ്ഞതിനു പിന്നാലെയാണ് വളരെ വികാരധീനനായി നെയ്മര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഞാന്‍ ശ്രമിച്ചു, ഞാന്‍ ശ്രമിച്ചു. ഈ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് എന്റെ തുടക്കം, ഇവിടെ തന്നെ ഞാന്‍ അവസാനിപ്പിക്കുകയും ചെയ്യുകയാണ്. എല്ലാം അവസാനിക്കുകയാണ്'-അദ്ദേഹം പറഞ്ഞു.