രാജ്യത്ത് ഇതാദ്യം, പാചകവാതക വിതരണത്തില്‍ വൻ മാറ്റം വരുന്നു; എല്‍പിജി സിലിണ്ടറുകള്‍ ഇൻസ്റ്റാമാര്‍ട്ട് വഴി വീടുകളിലെത്തും

പാചകവാതക സിലിണ്ടറുകള്‍ ഇനി സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ട് വഴി വീടുകളിലേക്ക്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (എച്ച്‌ പി സി എല്‍) സ്വിഗ്ഗി ഇതു സംബന്ധിച്ച്‌ കരാർ ഒപ്പിട്ടു.

രാജ്യത്ത് ഇതാദ്യമായാണ് ഇ കൊമേഴ്സ് ആപ്പ് വഴി എല്‍പിജി സിലിണ്ടർ വിതരണം ചെയ്യുന്നത്. എല്‍പിജി വിതരണ രംഗത്ത് വലിയ മാറ്റങ്ങള്‍ക്കാണ് ഈ കൂട്ടുകെട്ട് തുടക്കമിടുന്നത്. എച്ച്‌പി‌സി‌എല്‍ പുതുതായി വിപണിയിലെത്തിച്ച 10 കിലോഗ്രാം ഭാരമുള്ള 'എച്ച്‌പി നവ്യ' എന്ന എല്‍പിജി സിലിണ്ടറുകള്‍ വീടുകളിലേക്ക് എത്താൻ പോവുകയാണ്. തുടക്കത്തില്‍ ബെംഗളൂരുവിലാണ് ഈ സേവനം ലഭ്യമാകുക. എച്ച്‌പി നവ്യയ്ക്ക് പുറമെ, 5 കിലോഗ്രാമിന്റെ എല്‍പിജി സിലിണ്ടറുകളും ഇൻസ്റ്റാമാർട്ട് വഴി ഓർഡർ ചെയ്യാൻ സാധിക്കും.

നിലവില്‍ ഗാർഹിക എല്‍പിജി കണക്ഷൻ ഇല്ലാത്തവർക്കും ഈ സേവനം പ്രയോജനപ്പെടുത്താം എന്നതാണ് പ്രധാന പ്രത്യേകത. പഠനത്തിനോ ജോലിക്കോ ഒക്കെയായി വീട്ടില്‍ നിന്ന് മാറി മറ്റൊരിടത്തു താമസിക്കുന്ന വിദ്യാർത്ഥികള്‍, ഉദ്യോഗസ്ഥർ, ചെറിയ കുടുംബങ്ങള്‍ തുടങ്ങി വലിയൊരു വിഭാഗം ഉപഭോക്താക്കള്‍ക്ക് അവരുടെ താമസ സ്ഥലത്തേക്ക് സിലിണ്ടറുകള്‍ ലഭ്യമാകും. ഒരു ഫ്ലെക്സിബിള്‍ ഓപ്ഷനായിട്ടാണ് ഈ സേവനത്തെ എച്ച്‌പി‌സി‌എല്‍ അവതരിപ്പിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് ഇൻസ്റ്റാമാർട്ട് ആപ്പ് വഴി സിലിണ്ടർ ഓർഡർ ചെയ്യാം. ആദ്യമായി വാങ്ങുന്നവർക്ക് ഇത് പുതിയ സിലിണ്ടർ പർച്ചേസ് ആയിട്ടായിരിക്കും ലഭിക്കുക. പിന്നീട് റീഫില്‍ ഓർഡറുകള്‍ക്കായി ഡെലിവറി സമയത്ത് ഒഴിഞ്ഞ സിലിണ്ടർ തിരികെ നല്‍കിയാല്‍ മതിയാകും. എച്ച്‌പിസിഎല്ലിന്റെ അംഗീകൃത ഡിസ്ട്രിബ്യൂട്ടർ ശൃംഖല വഴിയാണ് വിതരണം നടത്തുന്നത്. പരിശീലനം ലഭിച്ച ജീവനക്കാരായിരിക്കും സിലിണ്ടറുകള്‍ സുരക്ഷിതമായി വീടുകളില്‍ എത്തിക്കുക. ആദ്യത്തെ ഓർഡറിന് തിരിച്ചറിയല്‍ രേഖാ പരിശോധന നിർബന്ധമാണ്.

പുതിയ സംരംഭത്ത കുറിച്ച്‌ ഇൻസ്റ്റാമാർട്ട് സിഇഒ അമിതേഷ് ഝാ പറഞ്ഞത് ഇങ്ങനെയാണ്: "പലചരക്ക് സാധനങ്ങള്‍ക്കുമപ്പുറം ഉപഭോക്താക്കളുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി ഇൻസ്റ്റാമാർട്ട് വളർന്നു കഴിഞ്ഞു. എച്ച്‌പിസിഎല്ലുമായി സഹകരിക്കുന്നതിലൂടെ, ഉപഭോക്താക്കള്‍ സുരക്ഷയും വിശ്വാസ്യതയും ഉറപ്പുവരുത്തിക്കൊണ്ട് തന്നെ പാചകവാതക വിതരണം ഇൻസ്റ്റാമാർട്ടിലേക്ക് വ്യാപിപ്പിക്കുകയാണ്." ഇൻസ്റ്റാമാർട്ട് പോലുള്ള വേഗതയേറിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാൻ കഴിയുമെന്ന് എച്ച്‌പിസിഎല്‍ ഡയറക്ടർ (മാർക്കറ്റിംഗ്) അമിത് ഗാർഗ് പ്രതികരിച്ചു. അതേസമയം സിലിണ്ടറുകളുടെ വില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
Previous Post Next Post