ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനം കൂടുതല്‍ സുതാര്യവും ഭക്തജനസൗഹൃദവുമാക്കാൻ വിപുലമായ പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ. ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പാക്കുമെന്നും അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും പറഞ്ഞ അദ്ദേഹം, ഇനി ‘ആഗോള അയ്യപ്പസംഗമം’ നടത്തില്ലെന്നും വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ശബരിമലയുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ വിവാദങ്ങളില്‍ ബോർഡിന് കടുത്ത വേദനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുറികളുടെ ബുക്കിംഗിലും വിതരണത്തിലും വൻ അഴിച്ചുപണിയാണ് ബോർഡ് ലക്ഷ്യമിടുന്നത്. സന്നിധാനത്തുള്ള 690 മുറികളില്‍ മുൻപ് 190 എണ്ണം മാത്രമാണ് ഓണ്‍ലൈൻ വഴി നല്‍കിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ 550 മുറികള്‍ തീർത്ഥാടകർക്കായി ഓണ്‍ലൈൻ വഴി നിർബന്ധിത ബുക്കിംഗിലൂടെ ലഭ്യമാക്കും. ഇതിനായി നിലവിലുണ്ടായിരുന്ന ഡെപ്പോസിറ്റ് തുക ഒഴിവാക്കി; പകരം മുറിവാടക മുൻകൂറായി നല്‍കി 50 രൂപ സർവീസ് ചാർജ് ഈടാക്കി ബുക്ക് ചെയ്യാം. മുറികളുടെ പരിപാലനത്തിനായി ഹൗസ് കീപ്പിംഗ് സംവിധാനം ഈ സീസണ്‍ മുതല്‍ ഔട്ട്സോഴ്സ് ചെയ്യും. ശബരി ഗസ്റ്റ് ഹൗസില്‍ നിലവിലുള്ള 56 മുറികള്‍ക്ക് പുറമെ ഹൈപ്പവർ കമ്മിറ്റിയുടെയും ഹൈക്കോടതിയുടെയും അനുമതിയോടെ 60 മുറികള്‍ കൂടി പുതുതായി നിർമ്മിക്കും. നവംബർ 1 മുതല്‍ 90 ദിവസത്തേക്ക് ബോർഡ് ആസ്ഥാനത്ത് എഐ (AI) ക്യാമറകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ കണ്‍ട്രോള്‍ റൂം പ്രവർത്തിക്കും
പടിപൂജയ്ക്ക് 2048 വരെ ബുക്കിംഗ് പൂർത്തിയായ സാഹചര്യത്തില്‍, തന്ത്രിയുടെ അനുമതിയോടെ ദിവസം ഒന്നിന് പകരം അഞ്ച് പടിപൂജകള്‍ വീതം നടത്തും. തിരക്ക് നിയന്ത്രിക്കുന്നതിനായി എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സന്നിധാനത്ത് ക്രൗഡ് കണ്‍ട്രോള്‍ റൂം സ്ഥാപിക്കും. ക്യൂവില്‍ നില്‍ക്കുന്ന സമയത്തിന്റെ ഗുണനിലവാരം ഉയർത്തും. തീർത്ഥാടനത്തിനിടെ മരണപ്പെട്ട 54 പേരുടെ കുടുംബങ്ങള്‍ക്ക് 1 ലക്ഷം രൂപ വീതം ഇൻഷുറൻസ് സഹായം നല്‍കും. വെർച്വല്‍ ക്യൂ ടിക്കറ്റിനൊപ്പം ഈടാക്കുന്ന 5 രൂപ ഫണ്ടില്‍ നിന്നാണ് ഈ തുക കണ്ടെത്തുന്നത്. തുടർ ഇൻഷുറൻസിനായി എല്‍ഐസിയുമായി ചർച്ച നടത്തും.