സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ക്ക് ഇനി ഒരേ നിറമായിരിക്കുമെന്നും ഓഗസ്റ്റ് 15നുമുമ്പ് എല്ലാ സ്റ്റേഷനുകളും വൃത്തിയാക്കി പുതുമോടിയിലാകുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.ഇതുസംബന്ധിച്ച ആഭ്യന്തരവകുപ്പിന്റെ നിർദേശം പോലീസ് സ്റ്റേഷനുകളിലേക്കു നല്‍കിയതായി എറണാകുളം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ 478 പോലീസ് സ്റ്റേഷനുകള്‍ക്കും ഒരേ നിറത്തിലുള്ള പെയിന്റടിക്കും. സ്റ്റേഷൻ വൃത്തിഹീനമാണെന്ന പരാതി ഇനി പാടില്ല. സ്റ്റേഷനിലെത്തുന്നവർക്ക് ഇരിക്കാൻ ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കും. വരുന്നവരെ ഗുഡ് മോർണിംഗ്, ഗുഡ് ആഫ്റ്റർനൂണ്‍, ഗുഡ് ഈവനിംഗ് എന്നീ അഭിവാദ്യങ്ങളോടെ സ്വീകരിക്കും. ജനസൗഹൃദമായ പോലീസ് സ്റ്റേഷൻ അന്തരീക്ഷമാണു സർക്കാരിന്റെ ലക്ഷ്യം.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 6632 പേരെ അറസ്റ്റ് ചെയ്തു. 6182 കേസുകള്‍ രജിസ്റ്റർ ചെയ്തു. 35 കോടിയുടെ ലഹരി പിടികൂടി. ഓപ്പറേഷൻ തൂഫാൻ സമൂഹമാകെ ഏറ്റെടുത്തു.ലഹരിയുടെ പേരില്‍ നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ല. പെരുമ്പാവൂരില്‍ ലഹരിയുടെ പേരില്‍ യുവാക്കള്‍ക്കുനേരേ നടന്ന അതിക്രമത്തിനെതിരേ കൃത്യമായ നടപടിയെടുത്തിട്ടുണ്ട്.
ഡിജെ പാർട്ടികള്‍ക്കും നൈറ്റ് ലൈഫിനും സർക്കാർ എതിരല്ല. എന്നാല്‍, എവിടെയെല്ലാം ലഹരി ഉപയോഗം ഉണ്ടായാലും പോലീസ് എത്തും. റസ്പോണ്‍സിബിള്‍ നൈറ്റ് ലൈഫാണ് കേരളത്തിനു വേണ്ടത്. സ്റ്റാർ ഹോട്ടലിലും കാരവാനിലും ലഹരി അനുവദിക്കില്ല.