നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുള്ള മാസങ്ങള്‍ നീണ്ട ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭത്തിനൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ തങ്ങളുടെ ഭാവി നിലപാട് വ്യക്തമാക്കി കോക്ക്റോച്ച് ജനതാ പാർട്ടി നേതാക്കള്‍.
പൂർണ്ണസമയ രാഷ്ട്രീയത്തിലേക്ക് ഉടനടി കടക്കുന്നതിനെ സിജെപി തള്ളിക്കളഞ്ഞെങ്കിലും, ഭാവിയില്‍ അതിനുള്ള സാധ്യതകള്‍ പൂർണ്ണമായി അടച്ചിട്ടില്ലെന്ന് എൻഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സിജെപി വക്താക്കളായ അശുതോഷ് റാങ്കയും സൗരവ് ദാസും വ്യക്തമാക്കി. യുവാക്കളുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തെ താഴെത്തട്ടില്‍ ശക്തമാക്കുകയാണ് തങ്ങളുടെ നിലവിലെ പ്രധാന മുൻഗണനയെന്ന് നേതാക്കള്‍ പറഞ്ഞു. കേന്ദ്രസർക്കാർ സിജെപിയുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഈ പ്രതികരണം.
മുഴുവൻ സമയ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് നേരിട്ട് ചോദിച്ചപ്പോള്‍ വക്താവ് അശുതോഷ് റാങ്ക പ്രതികരിച്ചത് ഇങ്ങനെ, ഇന്ത്യയില്‍ ഒന്നിനോടും ഒരിക്കലും നോ പറയരുത് എന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോള്‍ എന്റെ മനസ്സിലുള്ള ഒരേയൊരു കാര്യം വീട്ടില്‍ പോയി കിടന്നുറങ്ങുക, കുറച്ച് വിശ്രമിക്കുക, കുടുംബത്തെ കാണുക എന്നിവയാണ്. കഴിഞ്ഞ രണ്ടു മാസമായി ഞാൻ വീട്ടില്‍ നിന്ന് മാറിനില്‍ക്കുകയാണ്. ഇതിനിടെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ശാന്തമായി ചിന്തിക്കണം. ഇത് ഞങ്ങള്‍ക്കെല്ലാവർക്കും അഭിമാനത്തിന്റെയും ആശ്വാസത്തിന്റെയും നിമിഷമാണ്. അതിനുശേഷം കാര്യങ്ങള്‍ എങ്ങനെ പോകുന്നു എന്ന് നോക്കാം, അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പൂർണ്ണസമയ രാഷ്ട്രീയം നിലവില്‍ തങ്ങളുടെ ലക്ഷ്യമല്ലെന്ന് സിജെപി വക്താവ് സൗരവ് ദാസ് വ്യക്തമാക്കി. രാജ്യത്ത് നിലവില്‍ തന്നെ 750 മുതല്‍ 800 വരെ രാഷ്ട്രീയ പാർട്ടികളുണ്ട്. എന്നാല്‍ അതിലൊന്നിനും യുവാക്കളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാൻ സാധിക്കുന്നില്ല. അധികാത്തിലുള്ളത് ഏത് രാഷ്ട്രീയ പാർട്ടിയോ നേതാവോ ആയിക്കൊള്ളട്ടെ, അവർക്ക് യുവാക്കള്‍ക്ക് വേണ്ടി പ്രവർത്തിക്കേണ്ടി വരുന്ന രീതിയില്‍ ഈ മുന്നേറ്റത്തെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് സൗരവ് ദാസ് പറഞ്ഞു.