അല്‍ഫാമിന്റെ അളവ് കുറഞ്ഞു; മൂന്നാറില്‍ വിനോദ സഞ്ചാരികളും ഹോട്ടല്‍ ജീവനക്കാരും തമ്മിലടി: മൂന്നു പേര്‍ അറസ്റ്റില്‍.


അല്‍ഫാമിന്റെ അളവ് കുറഞ്ഞതിനെ ചൊല്ലി മൂന്നറില്‍ വിനോദസഞ്ചാരികളും ഹോട്ടല്‍ ജീവനക്കാരും തമ്മിലടി. പാലക്കാട് നിന്നെത്തിയ വിനോദ സഞ്ചാരികളാണ് ആക്രമണം അഴിച്ചു വിട്ടത്.

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കമണ് അടിപിടിയിലും ആക്രമണത്തിലും കലാശിച്ചത്. സംഭവത്തില്‍ അടിമാലി ജെന്ന റസിഡന്‍സി സൂപ്പര്‍വൈസര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരുക്കേറ്റു. പാലക്കാട് സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് റിമാന്‍ഡ് ചെയ്തു.

ഹോട്ടല്‍ സൂപ്പര്‍വൈസര്‍ അടിമാലി മന്നാങ്കാല ചെറിയാനിക്കല്‍ നിഷാദ് (44), ജീവനക്കാരായ ചെറുതോണി കൊച്ചു തുണ്ടിയില്‍ അനന്ദു (27), അതിഥിത്തൊഴിലാളി മുര്‍ഷിദുല്‍ ഇസ്ലം (25) എന്നിവര്‍ക്കാണ് പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ഒറ്റപ്പാലം അപ്പക്കാട്ട് അരുണ്‍ സോമന്‍ (24), ലക്കിടി നെച്ചിങ്ങത്തൊട്ടി അലി അക്ബര്‍ (19), പാലപ്പുറം കരിക്കലേത്ത് മുഹമ്മദ് റിസാന്‍ (19) എന്നിവരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ സാരമായി പരുക്കേറ്റ നിഷാദ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. മൂന്നാര്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന 22 അംഗ സംഘം ജന്ന റസിഡന്‍സിയില്‍ ഭക്ഷണം കഴിക്കാനെത്തി. ടൂര്‍ പാക്കേജ് ഏജന്‍സി വഴിയാണ് ഭക്ഷണവും മറ്റ് കാര്യങ്ങളും സഞ്ചാരികള്‍ക്കായി ക്രമീകരിച്ചിരുന്നത്. ഇവര്‍ക്കു വേണ്ടി അല്‍ഫാം ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളാണ് മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തിരുന്നത്. എന്നാല്‍ ഇതിന്റെ അളവ് കുറഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം ഏജന്‍സിയുമായി ചര്‍ച്ച ചെയ്യുന്നതിനിടെ ഹോട്ടല്‍ ജീവനക്കാര്‍ ഇടപെട്ടു. തുടര്‍ന്ന് ഭക്ഷണത്തിന്റെ ബില്‍ തുക അടയ്ക്കുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയിലും ആക്രമണത്തിലും കലാശിച്ചത്.

Previous Post Next Post