ഗവണ്മെന്റ് പ്ലീഡർ നിയമനത്തെത്തുടർന്നുണ്ടായ മുഖ്യമന്ത്രി-കെഎസ്യു തർക്കത്തില്‍ കെപിസിസിയും മുതിർന്ന കോണ്ഗ്രസ് നേതാക്കളും ഇടപെടുന്നതോടെ പ്രശ്നത്തില്‍ മഞ്ഞുരുകല്‍ ഉണ്ടാകുമെന്ന പ്രതീക്ഷ.മുഖ്യമന്ത്രി വി.ഡി. സതീശനും കെഎസ്യു സംസ്ഥാന പ്രസിഡന്റ് ആലോഷ്യസ് സേവ്യറും തമ്മില്‍ ഇന്നോ നാളെയോ കൂടിക്കാഴ്ചയോ സംസാരമോ ഉണ്ടാകും.
പൊതുസമൂഹത്തിലും പാർട്ടിക്കുള്ളിലും സംഭവം ചർച്ചയായതോടെയാണ് മുതിർന്ന നേതാക്കള്‍ രംഗത്തിറങ്ങിയത്. ഒരു സംസാരത്തില്‍ തീരാവുന്നപ്രശ്നത്തെ വിഴുപ്പലാക്കി മുന്നോട്ടു കൊണ്ടുപോകുന്നതില്‍ കോണ്ഗ്രസ് നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. എഐസിസി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, മുതിർന്ന നേതാവ് വി.എം. സുധീരൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ രംഗത്തു വന്നതോടെ പ്രശ്നപരിഹാരം എളുപ്പം സാധ്യമാകുമെന്നറിയുന്നു.പ്രശ്നത്തില്‍ ഇടപെടണമെന്ന് കെഎസ്യു കോണ്ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഒരു കൂടിക്കാഴ്ചയില്‍ തീരാവുന്ന പ്രശ്നമേയുള്ളൂ വെന്നാണ് കോണ്ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. അലോഷ്യസ് സേവ്യറിനെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കൊച്ചി തേവരയിലെ ചടങ്ങില്‍ കാണാത്തതുകൊണ്ടാണ് സംസാരിക്കാതെ പോയതെന്നു സംഭവത്തില്‍ ഇടപെട്ട കെപിസിസി പ്രസിഡന്റ് പറയുന്നു. തിരക്കിനിടയില്‍ ആലോഷ്യസിനെ കണ്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായും സണ്ണി ജോസഫ് വ്യക്തമാക്കി.