'അത് കുറുപ്പ് തന്നെ'; നെഞ്ചുവേദനയായി അന്ന് ആശുപത്രിയിലെത്തി; പുതിയ വെളിപ്പെടുത്തലുകളുമായി നഴ്സ് രത്നമ്മ.


സുകുമാരക്കുറുപ്പ് തിരോധാനക്കേസില്‍ നഴ്സ് രത്നമ്മയുടെ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത്. 1988 ലാണ് ബൊക്കാറോയില്‍ വെച്ച്‌ താൻ കുറുപ്പിനെ കാണുന്നതെന്നും താൻ നഴ്സിങ്ങിന് പഠിച്ചിരുന്ന ആശുപത്രിയില്‍ നെഞ്ചുവേദനയ്ക്ക് ചികിത്സ തേടിയെത്തിയതായിരുന്നു കുറുപ്പ് എന്നും രത്നമ്മ പറഞ്ഞു.

കേസില്‍ വീണ്ടും ക്രൈംബ്രാഞ്ച് മൊഴിയെടുത്ത സാഹചര്യത്തിലാണ് രത്നമ്മയുടെ വെളിപ്പെടുത്തല്‍.

താൻ കുറുപ്പിന്റെ നാടായ ചെറിയനാട് നിന്നുള്ള ആളാണ് എന്നറിഞ്ഞതോടെ കുറുപ്പ് ആശുപത്രിയില്‍ നിന്ന് മുങ്ങി. 1988 നു ശേഷം പലതവണ ക്രൈംബ്രാഞ്ച് തൻ്റെ മൊഴിയെടുത്തു. മൂന്നാഴ്ച മുമ്പാണ് ഏറ്റവും ഒടുവില്‍ മൊഴിയെടുത്തത്. കുറുപ്പിനെ തന്നെയെന്ന് കണ്ടതെന്ന് തനിക്കുറപ്പുണ്ട്. ജോഷി എന്ന പേരിലായിരുന്നു കുറുപ്പ് അന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതെന്നും താടിയുള്ള കുറുപ്പിനെയാണ് താൻ കണ്ടതെന്നും രത്നമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജാർഖണ്ഡ‍ിലെ ബൊക്കാറോ ജനറല്‍ ആശുപത്രിയില്‍ ഐസിയുവില്‍ വെച്ചാണ് താൻ സുകുമാര കുറുപ്പിനെ കാണുന്നത്. ഞാനന്ന് ഫസ്റ്റ് ഇയർ നേഴ്സിങ് വിദ്യാർത്ഥിയായിരുന്നു. ഹോസ്റ്റലിലെ സീനിയേഴ്സാണ് ഇങ്ങനെയൊരാളെ കുറിച്ച്‌ വന്ന് പറയുന്നത്. ഭാര്യ നഴ്സാണെന്നും വിവിധ ഭാഷകള്‍ അറിയാമെന്നും സുകുമാര കുറുപ്പ് പറഞ്ഞതിനെ തുടർന്നാണ് താൻ പോയി കാണുന്നത്. 1984ല്‍ സുകുമാര കുറുപ്പിനെ കണ്ടിരുന്നു. അതിന് ശേഷം പിന്നീട് ഐസിയുവില്‍ വെച്ചാണ് കാണുന്നതെന്നും രത്നമ്മ പറയുന്നു.

നെഞ്ചുവേദനയായാണ് കുറുപ്പ് അഡ്മിറ്റ് ആയത്. താടിവെച്ച സുകുമാര കുറുപ്പിനെയാണ് അന്ന് കണ്ടത്. അത് കുറുപ്പ് തന്നെയാണെന്ന് ഉറപ്പാണ്. തൻ്റെ വീട് ചെങ്ങന്നൂർ ചെറിയനാട് ആണെന്നും ശിവരാമ കുറുപ്പിൻ്റെ വീടിന‌ടുത്താണെന്നും പറഞ്ഞതോടെ കുറുപ്പ് ആശുപത്രിയില്‍ നിന്നും മുങ്ങുകയായിരുന്നു. ഇയാള്‍ ക്രിമിനലാണെന്ന് ഡിപ്പാർട്മെന്റ് അറിഞ്ഞതോടെ വാർഡിലേക്ക് ഷിഫ്റ്റ് ചെയ്തിരുന്നു. പിന്നീട് മൂന്നുമണിയോടെ ആശുപത്രിയില്‍ നിന്നും കുറുപ്പ് പോവുകയായിരുന്നു. ജോഷി എന്ന പേരിലാണ് കുറുപ്പ് അഡ്മിറ്റ് ആയത്. അതിന് ശേഷം നാട്ടില്‍ വെച്ചാണ് പൊലീസ് തൻ്റെ മൊഴിയെടുത്തത്. നിരവധി തവണ ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നെന്നും ഈയടുത്ത് മൂന്നാഴ്ച്ച മുമ്പും മൊഴിയെടുത്തിരുന്നുവെന്നും രത്നമ്മ പറയുന്നു.

തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകളുടെ സ്‌പെഷ്യല്‍ ഡ്രൈവിൻ്റെ ഭാഗമായാണ് കുറുപ്പിൻ്റെ അന്വേഷണം നടക്കുന്നത്. സുകുമാരക്കുറുപ്പ് എവിടെപ്പോയി എന്നത് 42 വർഷം നീണ്ട ദുരൂഹതയാണ്. ഇൻഷുറൻസ് തട്ടിയെടുക്കാനായി സുഹൃത്തിനെ ചുട്ടുകൊലപ്പെടുത്തുകയായിരുന്നു കുറുപ്പ്. കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ മരിച്ചോയെന്ന് ഇനിയും വ്യക്തമല്ല. വർഷങ്ങളായി മരവിച്ച കേസാണ് ക്രൈംബ്രാഞ്ചില്‍ പുനഃപരിശോധിച്ചത്. കേരള പൊലീസിന്റെ പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പിടികിട്ടാപുള്ളിയാണ് സുകുമാരക്കുറുപ്പ്. ഐജി അജിത ബീഗത്തിൻ്റെ നേതൃത്വത്തില്‍ കേസിൻ്റെ പരിശോധന നടത്തിയിരിക്കുകയാണ്.

Previous Post Next Post