വിദ്യാർത്ഥിയെ ക്ലാസ്മുറിയില്‍ വച്ച് മർദ്ദിച്ച സംഭവത്തില്‍ വിശദീകരണവുമായി തൃശൂർ വരവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകൻ.സ്കൂളിലെ കാഴ്ച പരിമിതിയുള്ള അദ്ധ്യാപകനായ മണികണ്ഠനാണ് വീഡിയോയിലൂടെ പ്രതികരിച്ചത്.
തന്നെ കുറിച്ചുള്ള വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്നും അതിന്റെ സത്യാവസ്ഥ മനസിലാക്കണമെന്നും അദ്ധ്യാപകൻ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. വിദ്യാർത്ഥിയെ മർദ്ദിച്ചത് ചെയ്യാൻ പാടില്ലാത്ത തെറ്റാണ്.
'ഞാൻ ക്ലാസ് എടുത്തുകൊണ്ടിരിക്കുകയായിരുന്നു. ഒരു ടീച്ചർ വാതിലില്‍ വന്ന് തട്ടി. ടീച്ചർ ക്ലാസില്‍ കയറിയ ഉടനെ എന്താടാ മേശപ്പുറത്ത് കയറിയിരിക്കുന്നത് എന്ന് ചോദിച്ചു. കാഴ്ചാപരിമിതിയുള്ള ആളാണ് ഞാൻ. 40 കുട്ടികളോളം ക്ലാസിലുണ്ട്. അവരുടെ മുന്നില്‍ ഒരു കോമാളിയാക്കി നിർത്തി. മുൻകാലങ്ങളിലും ആ കുട്ടിയില്‍ നിന്നും മറ്റ് കുട്ടികളില്‍ നിന്നും ഇതുപോലെ ഉണ്ടായാരിന്നിരിക്കാം. എനിക്ക് അത്രയും വിഷമമായി'.
'ദേഷ്യവും വിഷമവുമെല്ലാം വന്നു. പെട്ടെന്ന് തോന്നിയ വികാരത്തിലാണ് അങ്ങനെ ചെയ്തത്. പറ്റി പോയി. നിങ്ങള്‍ക്ക് കാഴ്ചകുറവുണ്ടായാല്‍ മാത്രമേ അതിന്റെ വേദന അറിയുകയുള്ളൂ. എന്നെ കോമാളിക്ക് തുല്യമായിട്ടാണ് കുട്ടികള്‍ ചെയ്തത്. എന്തൊക്കെ അവർ അവിടെ ചെയ്തെന്ന് എനിക്ക് കാണാൻ പറ്റില്ലല്ലോ. അപ്പോള്‍ ഉണ്ടായ ഒരു വികാരത്തില്‍ പറ്റിപ്പോയതാണെന്നും' അദ്ധ്യാപകൻ പറഞ്ഞു.
സ്കൂളിലെ സാമൂഹിക ശാസ്ത്രം അധ്യാപകനാണ് മണികണ്ഠൻ. ഒരാഴ്ച മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. മർദനത്തിന് ഇരയായ കുട്ടിയുടെ സഹപാഠികളാണ് ദൃശ്യങ്ങള്‍ പകർത്തിയത്. സംഭവത്തില്‍ വിദ്യാർത്ഥിയുടെ കുടുംബം പരാതി നല്‍കാൻ തീരുമാനിച്ചിരിക്കെയാണ് അദ്ധ്യാപകന്റെ വീഡിയോ പുറത്തുവന്നത്