കിലിയൻ എംബപെയുടെ ഇരട്ടഗോള്‍ മികവില്‍ സ്വീഡനെ 3-0ന് തകർത്ത് ഫ്രാൻസ് ലോകകപ്പിന്റെ പ്രീക്വാർട്ടറിലേക്ക് മുന്നേറി.ബ്രാഡ്‌ലി ബാർകോളയും ഒരിക്കല്‍ വലകുലുക്കിയ മത്സരത്തില്‍ ഫ്രാൻസ് തുടക്കം മുതല്‍ ആധിപത്യം പുലർത്തി. നിരവധി തവണ പോസ്റ്റ് രക്ഷകനായെങ്കിലും ഒടുവില്‍ ഫ്രഞ്ച് ആക്രമണങ്ങള്‍ക്ക് മുന്നില്‍ സ്വീഡിഷ് പ്രതിരോധം കീഴടങ്ങുകയായിരുന്നു.
ആദ്യ പകുതിയില്‍ തന്നെ ഫ്രാൻസ് ആക്രമണങ്ങളുടെ പെരുമഴ സൃഷ്ടിച്ചു. കിലിയൻ എംബപെ, മിഖായേല്‍ ഒലിസെ, ഉസ്മാൻ ഡെംബലെ എന്നിവർ ചേർന്ന മുന്നേറ്റനിര സ്വീഡൻ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. എംബപെയുടെ ഒരു ഗോള്‍ ഓഫ്‌സൈഡില്‍ നിഷേധിക്കപ്പെടുകയും മറ്റൊരു ശ്രമം പോസ്റ്റില്‍ തട്ടി മടങ്ങുകയും ചെയ്തെങ്കിലും ഫ്രാൻസ് പിന്മാറിയില്ല.
കളിയുടെ 45-ാം മിനിറ്റില്‍ ഫ്രാൻസ് ലീഡ് നേടി. കോർണറില്‍ നിന്നാരംഭിച്ച നീക്കത്തില്‍ ഡെംബലെയും ഒലിസെയും ചേർന്ന് ഒരുക്കിയ അവസരം എംബപെ കൃത്യമായ ഫിനിഷിലൂടെ ഗോളാക്കി മാറ്റി. ഗോള്‍കീപ്പർ സെറ്റർസ്ട്രോമിന് യാതൊരു അവസരവും നല്‍കാതെയായിരുന്നു ഫ്രഞ്ച് നായകന്റെ ഫിനിഷ്.
രണ്ടാം പകുതി ആരംഭിച്ച് എട്ട് മിനിറ്റ് പിന്നിടുമ്പോള്‍ ഫ്രാൻസിന്റെ ലീഡ് ഇരട്ടിയായി. ബോക്‌സിന് പുറത്തുനിന്ന് ഒലിസെ നല്‍കിയ പാസ് സ്വീകരിച്ച ബ്രാഡ്‌ലി ബാർകോള പിഴവില്ലാത്ത ഷോട്ടിലൂടെ വല കണ്ടെത്തി. 74-ാം മിനിറ്റില്‍ വീണ്ടും ഒലിസെയുടെ അസിസ്റ്റില്‍ എംബപെ തന്റെ രണ്ടാം ഗോളും ഫ്രാൻസിന്റെ മൂന്നാം ഗോളും നേടി മത്സരം പൂർണമായും സ്വന്തം ടീമിന്റെ നിയന്ത്രണത്തിലാക്കി.
ഈ ലോകകപ്പില്‍ എംബപെയുടെ ഗോള്‍നേട്ടം ആറായി. ഇതോടെ ലയണല്‍ മെസ്സിക്കൊപ്പം ടൂർണമെന്റിലെ ടോപ് സ്കോറർമാരില്‍ ഒരാളായി അദ്ദേഹം മാറി. ലോകകപ്പ് ചരിത്രത്തില്‍ എംബപെയുടെ ആകെ ഗോള്‍സംഖ്യ 18 ആയി ഉയർന്നതോടെ മുൻ ജർമൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയെ പിന്നിലാക്കി രണ്ടാം സ്ഥാനത്തേക്കും അദ്ദേഹം കുതിച്ചു. 19 ഗോളുകളുമായി ലയണല്‍ മെസ്സിയാണ് പട്ടികയില്‍ ഒന്നാമത്.