പാർലമെൻറിൻറെ വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കും. എഫ്സിആർഎ നിയമഭേദഗതിയടക്കം 6 ബില്ലുകള്‍ ഈ സമ്മേളന കാലത്ത് കേന്ദ്ര സർക്കാർ അവതരിപ്പിക്കും..ജൂലൈ 20 തിങ്കളാഴ്ച മുതല്‍ ഓഗസ്റ്റ് 13 വ്യാഴാഴ്ച വരെയാണ് വർഷകാല സമ്മേളനം നടക്കുക. 25 ദിവസത്തെ കാലയളവിലായി ആകെ 19 തവണയാണ് സഭ ചേരുക.
സമ്മേളനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചർച്ച ചെയ്യുന്നതിനായി, രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിങ്ങിൻ്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗം ഇന്നലെ നടന്നു. കേന്ദ്ര പാർലമെൻ്ററി, ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു, രാജ്യസഭാ നേതാവ് കൂടിയായ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ, രാസവസ്തു-രാസവള മന്ത്രി ജഗത് പ്രകാശ് നദ്ദ, നിയമ-നീതിന്യായ സഹമന്ത്രിയും പാർലമെൻ്ററി കാര്യ സഹമന്ത്രിയുമായ അർജ്ജുൻ റാം മേഘ്‌വാള്‍, പാർലമെൻ്ററി കാര്യ, വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് സഹമന്ത്രി ഡോ. എല്‍. മുരുകൻ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. മന്ത്രിമാർ ഉള്‍പ്പെടെ 40 രാഷ്ട്രീയ പാർട്ടികളില്‍ നിന്നുള്ള 58 നേതാക്കളാണ് ഈ യോഗത്തില്‍ പങ്കെടുത്തത്.പാർലമെൻ്റിൻ്റെ സുഗമമായ പ്രവർത്തനത്തിന് എല്ലാ നേതാക്കളുടേയും സഹകരണം റിജിജു അഭ്യർഥിച്ചു. കൂടാതെ, പാർലമെൻ്റിൻ്റെ ഇരുസഭകളുടേയും നടപടി ചട്ടങ്ങള്‍ അനുവദിക്കുന്നതനുസരിച്ച് പ്രധാനപ്പെട്ട മറ്റ് വിഷയങ്ങളും സഭയില്‍ ചർച്ച ചെയ്യാൻ ഗവണ്മെൻ്റ് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന വർഷകാല സമ്മേളനത്തില്‍ ഉന്നയിക്കാൻ സാധ്യതയുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് രാഷ്ട്രീയ പാർട്ടി നേതാക്കള്‍ അവരുടെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയും പാർലമെൻ്റിൻ്റെ സുഗമമായ നടത്തിപ്പിന് ഗവണ്മെൻ്റുമായി സഹകരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.