വർക്കല ക്ലിഫില്‍ വിനോദസഞ്ചാരത്തിനെത്തിയ തഞ്ചാവൂർ സ്വദേശിയായ 19കാരന് കുത്തേറ്റു. തഞ്ചാവൂർ താമരംകോട്ടൈ സ്വദേശി സുദർശന് (19) ആണ് ഗുരുതരമായി പരിക്കേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് വർക്കല ഓടയം സ്വദേശികളായ മുഹമ്മദ് അലി, അനന്തൻ, ജെറിൻ എന്നിവരെ ടൂറിസം പൊലീസ് പിടികൂടി.
ഇന്നലെ രാത്രി 10.40ഓടെ വർക്കല ഹെലിപ്പാഡ് - ക്ലിഫ് മേഖലയിലായിരുന്നു സംഭവം. തഞ്ചാവൂർ സ്വദേശികളായ സുദർശൻ (19), സതീഷ് (17), കുമുദൻ (19) എന്നിവർ ഹെലിപ്പാഡ് ഭാഗത്തുനിന്ന് ക്ലിഫിലൂടെ നടന്നു പോകുന്നതിനിടെ പ്രതികള്‍ ഇവരെ തടഞ്ഞുനിർത്തി വാക്കുതർക്കത്തിലേർപ്പെട്ടതായി പൊലീസ് പറയുന്നു. തർക്കം രൂക്ഷമായതോടെ തമിഴ്‌നാട് സ്വദേശികളെ പ്രതികള്‍ മർദിച്ചു. ഒന്നാം പ്രതിയായ മുഹമ്മദ് അലി സുദർശനെ കമ്പിവേലിയില്‍ ചാരിനിർത്തി മർദിക്കുകയും കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വയറ്റില്‍ വലതുഭാഗത്തും മുതുകിലും തോളിലും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തെന്ന് പൊലീസ് പറയുന്നു.