വീഴ്ചയുടെ നാലാം ദിനം; സ്വര്‍ണവില താഴേക്കുതന്നെ, പവന് 1.06 ലക്ഷത്തില്‍ താഴെ.

സംസ്ഥാനത്ത് നാലാം ദിവസവും സ്വർണവില താഴേക്ക്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്ണവില ഗ്രാമിന് 13,245 രൂപയിലും പവന് 1,05,960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,885 രൂപയിലെത്തി.

വീഴ്ചയുടെ പാതയിലായ സ്വർണവില ചൊവ്വാഴ്ച പവന് 1000 രൂപ കുറഞ്ഞിരുന്നു. ഇതോടെ നാലു ദിവസത്തിനിടെ ആകെ കുറഞ്ഞത് 1820 രൂപയാണ്. മൂന്നു ദിവസങ്ങള്‍ കൊണ്ട് 4,560 രൂപ കൂടിയ ശേഷം കഴിഞ്ഞ ശനിയാഴ്ച മുതലാണ് സ്വർണവില താഴാൻ തുടങ്ങിയത്.

ഇന്ത്യയില്‍ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണവില 10,200 രൂപയോളം വർധിച്ച്‌ ആ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില മാറിമറിയുകയാണ്.

ജനുവരി 29ന് പവൻവില സർവകാല ഉയരം തൊട്ടിരുന്നു. അന്നു ഗ്രാമിന് ഒറ്റയടിക്ക് 1,080 രൂപയും പവന് 8,640 രൂപയും വര്ധിച്ച സ്വർണവില സര്വകാല റിക്കാര്ഡ് ഭേദിച്ച്‌ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയിലുമെത്തുകയായിരുന്നു.

പുതുവർഷത്തില്‍ കുതിപ്പോടെ തുടങ്ങിയ സ്വർണവില ജനുവരി അഞ്ചിന് പവന് ഒറ്റയടിക്ക് 1,160 രൂപയും ഗ്രാമിന് 145 രൂപയും വർധിച്ച്‌ വീണ്ടും ഒരു ലക്ഷം പിന്നിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വൻ കുതിപ്പുമായി മുന്നോട്ടുപോയത്. 2025 ജനുവരിയില്‍ 57,000 രൂപ മാത്രമായിരുന്ന വിലയാണ് വർഷാവസാനം ലക്ഷം ഭേദിച്ചത്.

മാർച്ച്‌ മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു. മാർച്ച്‌ 23ന് നാലുതവണ മാറിമറിഞ്ഞ സ്വർണവില ഒരു ലക്ഷത്തിന് താഴേക്ക് പോയിരുന്നെങ്കിലും വൈകിട്ടോടെ വീണ്ടും ഒരു ലക്ഷത്തിനു മുകളിലെത്തിയിരുന്നു. ഏപ്രില്‍, മേയ് മാസത്തില്‍ വൻ കയറ്റിറക്കങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.
Previous Post Next Post