സംസ്ഥാനത്ത് ശനിയും ഞായറും പ്രഖ്യാപിച്ച വൈദ്യുതി നിയന്ത്രണം ഒഴിവാക്കി; തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും അധിക വൈദ്യുതിയെത്തിച്ച്‌ കെ.എസ്.ഇ.ബി.

സംസ്ഥാനത്ത് വരാനിരിക്കുന്ന ശനി, ഞായർ ദിവസങ്ങളില്‍ ഏർപ്പെടുത്താനിരുന്ന ലോഡ്ഷെഡ്ഡിങ് ഉള്‍പ്പെടെയുള്ള വൈദ്യുതി നിയന്ത്രണങ്ങള്‍ പൂർണ്ണമായി ഒഴിവാക്കിയതായി കെ.എസ്.ഇ.ബി (KSEB power restriction status Kerala) അറിയിച്ചു.അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത ഉയർന്നതാണ് നിലവിലെ പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസമായത്. തമിഴ്‌നാട്, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നും വലിയ തോതില്‍ അധിക വൈദ്യുതി ലഭ്യമായതിനെത്തുടർന്നാണ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണങ്ങള്‍ മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

കേരളത്തിലേക്ക് അന്തർസംസ്ഥാന വൈദ്യുതി എത്തിക്കാനുള്ള നാഷണല്‍ പവർ കോറിഡോറില്‍ (Power Corridor) നിലവില്‍ മറ്റ് സാങ്കേതിക നിയന്ത്രണങ്ങള്‍ ഇല്ലാത്തതും കെ.എസ്.ഇ.ബിക്ക് വലിയ രീതിയില്‍ സഹായകമായി. പുറത്തുനിന്നും ഏകദേശം 650 മെഗാവാട്ടോളം (650 MW) വൈദ്യുതി വിപണിയില്‍ നിന്നും ഉയർന്ന വിലയ്ക്ക് വാങ്ങിയെത്തിച്ചാണ് ബോർഡ് ഈ വരുംദിവസങ്ങളിലെ നിയന്ത്രണം ഒഴിവാക്കിയിട്ടുള്ളത്.

എന്നിരുന്നാലും, ഷെഡ്യൂള്‍ ചെയ്തതിനെക്കാള്‍ കൂടുതല്‍ വൈദ്യുതി ദേശീയ ഗ്രിഡില്‍ (Grid) നിന്നും തുടർച്ചയായി അമിതമായി എടുക്കുന്നത് ഇന്ത്യൻ ഗ്രിഡ് കോഡിന്റെ (Grid Code) നഗ്നമായ ലംഘനമാണ്. അതുകൊണ്ടുതന്നെ ഇതിനെ ഒരു സ്ഥിരം സ്രോതസായി കണക്കാക്കാനാവില്ലെന്നും കെ.എസ്.ഇ.ബി തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
Previous Post Next Post