നിലവിലെ ചാമ്പ്യൻമാരായ അർജന്റീന ഇന്ന് രണ്ടാം മത്സരത്തിനിറങ്ങുന്നു. ഓസ്ട്രിയായാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ അള്‍ജീരിയയ്ക്ക് എതിരെ നേടിയ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് മെസിയും സംഘവും ഇന്നിറങ്ങുന്നത്.
ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ അർജന്റീന നോക്കൗട്ടിലേയ്ക്ക് യോഗ്യത നേടും. ഇന്ത്യൻ സമയം ഇന്ന് രാത്രി 10.30നാണ് മത്സരം.
പതിവുപോലെ എല്ലാ കണ്ണുകളും സൂപ്പർ താരം ലയണല്‍ മെസിയുടെ പ്രകടനത്തിലേയ്ക്കാണ് ഉറ്റുനോക്കുന്നത്. ആദ്യ മത്സരത്തില്‍ ഹാട്രിക് നേടിയ താരം അതേ പ്രകടനം ഇന്നും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇന്ന് ഒരു ഗോള്‍ നേടാനായാല്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോർഡ് മെസിയുടെ പേരിലാകും. നിലവില്‍ 16 ഗോളുകള്‍ വീതം നേടിയ മെസിയും മുൻ ജർമ്മൻ താരമായ മിറോസ്ലാവ് ക്ലോസെയുമാണ് ഒന്നാം സ്ഥാനത്ത്.
ടീമിന്റെ മുന്നേറ്റത്തിന് മെസി നേതൃത്വം നല്‍കുമ്പോള്‍ റോഡ്രിഗോ ഡീ പോളും എൻസോ ഫെർണാണ്ടസും മാക് അലിസ്റ്ററും അടങ്ങുന്ന മധ്യനിരയാണ് അർജന്റീനയുടെ കരുത്ത്. മുന്നേറ്റ നിരയില്‍ ജൂലിയൻ അല്‍വാരസും ലൗതേറോ മാർട്ടിനസും തിളങ്ങിയാല്‍ ഓസ്ട്രിയയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. ആദ്യ മത്സരത്തില്‍ ജോർദാനെ തോല്‍പിച്ച ആത്മവിശ്വാസത്തിലാണ് ഓസ്ട്രിയ ലോകചാമ്പ്യൻമാർക്ക് എതിരെ ഇറങ്ങുന്നത്.
മറ്റൊരു മത്സരത്തില്‍ മുൻ ചാമ്പ്യൻമാരായ ഫ്രാൻസും രണ്ടാം മത്സരത്തിന് ഇറങ്ങുന്നുണ്ട്. ഇറാഖാണ് എതിരാളികള്‍. ക്ലോസെയും മെസിയും പങ്കിടുന്ന ലോകകപ്പിലെ ഗോളടി റെക്കോർഡ് എംബാപ്പെ മറികടക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ലോകകപ്പിലെ മികച്ച ഗോള്‍വേട്ടക്കാരനാകാന്‍ എംബാപേയ്ക്ക് ഇനി വെറും 3 ഗോളുകളാണ് വേണ്ടത്. അവസാന മത്സരത്തില്‍ ഡബിളടിച്ച എംബാപ്പെ മെസിയെ മറികടന്നിരുന്നെങ്കിലും തൊട്ടടുത്ത മത്സരത്തില്‍ ഹാട്രിക് നേടി മെസി ലോകറെക്കോർഡിന് ഒപ്പമെത്തുകയായിരുന്നു. ഫിലാഡല്‍ഫിയ സ്റ്റേഡിയത്തില്‍ നാളെ പുലര്‍ച്ചെ 2.30നാണ് മത്സരം.