നൂറ് ശതമാനം', 'നൂറ് ശതമാനം ശുദ്ധം' എന്നിങ്ങനെയുള്ള അവകാശവാദങ്ങള്‍ ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷൻ ഉത്‌പന്നങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെടുത്തുന്നതിന് നിരോധനം.
ഫുഡ് സേഫ്‌ടി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഒഫ് ഇന്ത്യ (എഫ്‌എസ്‌എസ്‌എഐ) ആണ് ഭക്ഷ്യ കമ്പനികള്‍ ഇത്തരം പദങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്.
തെറ്റിദ്ധരിപ്പിക്കുന്ന മാർക്കറ്റിംഗ് രീതികള്‍ ഒഴിവാക്കാനും ഉപഭോക്താക്കള്‍ക്ക് സുതാര്യത ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. എന്നാലിത് ബിസിനസിലുടനീളം പ്രവർത്തന, നിയന്ത്രണ, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നാണ് കമ്പനികള്‍ ആശങ്കയുയർത്തുന്നത്. ഉത്‌പന്നങ്ങളുടെ ലേബലുകളില്‍ വീണ്ടും മാറ്റം വരുത്തണം. ആർട്ട്‌വർക്കുകള്‍ അപ്‌ഡേറ്റ് ചെയ്യണം. റെഗുലേറ്ററി, ന്യൂട്രീഷൻ അധികൃതരില്‍ നിന്ന് പുതിയ അംഗീകാരം ലഭിക്കണം. പ്രിന്റിംഗ് പ്ളേറ്റുകളില്‍ മാറ്റം വരുത്തണം. പാക്കേജിംഗ് മെറ്റീരിയലുകളില്‍ മാറ്റം വരുത്തണം. ഇത് ഭീമമായ സാമ്പത്തിക നഷ്ടത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍.
പൂർത്തിയായ ഉത്പന്നങ്ങള്‍ വിതരണക്കാർ, ചില്ലറ വ്യാപാരികള്‍, ക്വിക്ക്-കൊമേഴ്‌സ് വെയർഹൗസുകള്‍ എന്നിവയിലൂടെ ഇതിനകം തന്നെ വിറ്റിട്ടുണ്ടാകാം. പഴയ സ്റ്റോക്ക് സമയപരിധിക്ക് മുമ്പ് വില്‍ക്കുകയോ, പുനർനിർമ്മിക്കുകയോ, തിരികെ വരുത്തുകയോ ചില സന്ദർഭങ്ങളില്‍ ഉപേക്ഷിക്കുകയോ ചെയ്യേണ്ടിവരുമെന്നും കമ്പനികള്‍ പറയുന്നു.