പകർച്ചവ്യാധി പ്രതിരോധത്തിനായി സംസ്ഥാനത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസം ഡ്രൈ ഡേ. ഇന്ന് സ്കൂളുകളിലും നാളെ ഓഫീസുകളിലും ഡ്രൈ ഡേ ആചരിക്കും.ഞായറാഴ്ച വീടുകളില്‍ ശുചീകരണ യജ്ഞം നടത്തും. അതേ സമയം, കോഴിക്കോട്ടെ നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയാണ്. എബോള സംശയത്തെ തുടർന്ന് കോട്ടയത്ത് നിരീക്ഷണത്തിലുള്ള സ്ത്രീയുടെ പരിശോധന ഫലം കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്.
കോഴിക്കോട് നിപ ബാധിതനായ യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് 10 ദിവസം പിന്നിട്ടു. യുവാവിന്റെ ആരോഗ്യസ്ഥിതി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. നിരീക്ഷണത്തില്‍ ഉള്ള മൂന്ന് പേരുടെ പരിശോധന ഫലം ലഭിക്കും. സംസ്ഥാനത്ത് ഷിഗല്ല അടക്കം പകർച്ച വ്യാധികള്‍ കൂടുന്നതിനാല്‍ ഏകോപിത പ്രതിരോധ പ്രവർത്തനത്തിന് ഇന്ന് തുടക്കമാകും. ആദ്യം സ്കൂളുകളിലും തുടർന്ന് സർക്കാർ ഓഫിസുകളും വീടുകളും കേന്ദ്രീകരിച്ചാണ് ശുചീകരണം. ഇന്നലെയും സംസ്ഥാനത്ത് 19 പേർക്ക് ഷിഗല്ലെ സ്ഥിരീകരിച്ചിരുന്നു.