കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കൈയ്യാങ്കളി. കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെഎസ് ശബരീനാഥന്റെ കഴുത്തിന് പിടിച്ച് ബിജെപി കൗണ്‍സിലര്‍.
മറ്റൊരു കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍ക്ക് മര്‍ദ്ദനമേറ്റു. ബിജെപി കൗണ്‍സിലറുടെ ഷര്‍ട്ട് കീറി. കോണ്‍ഗ്രസ് അംഗങ്ങള്‍ രജിസ്റ്റര്‍ ഒപ്പുവയ്ക്കുന്നതിനിടെ ബിജെപി അംഗം ഇത് ബലമായി പിടിച്ചുവാങ്ങി. പിടിവലിക്കിടെ രജിസ്റ്റര്‍ കീറി.
ബിജെപി വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതന്‍ കാപ്പ കേസില്‍ ജയിലിലാണ്. ഇയാളെ പുറത്താക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധത്തിലാണ്. തുടര്‍ച്ചയായി കൗണ്‍സിലില്‍ ഹാജരാകാത്തെ സുഗതനെ അയോഗ്യനാക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഒരംഗത്തിന്റെ മാത്രം ബലത്തില്‍ ഭരിക്കുന്ന ബിജെപി ഇതിന് അനുവദിക്കുന്നില്ല. തുടര്‍ന്നുള്ള പ്രതിഷേധമാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്.
കഴിഞ്ഞ ദിവസം എല്‍ഡിഎഫ് അംഗങ്ങള്‍ നടത്തിയ പ്രതിഷേധത്തിനിടെ ഉന്തുംതള്ളുമുണ്ടായിരുന്നു. നിരവധി കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റു. ഇന്ന് കൗണ്‍സില്‍ യോഗം ചേരുന്നതിന് പരിക്കുകളോടെയാണ് ഈ അംഗങ്ങള്‍ എത്തിയത്. ഒരംഗം വീല്‍ചെയറിലാണ് എത്തിയത്. എല്‍ഡിഎഫ് അംഗങ്ങളും യുഡിഎഫ് അംഗങ്ങളും പ്രതിഷേധം തുടരുന്നതിനിടെ യുഡിഎഫ് അറ്റന്റന്‍സ് രജിസ്റ്ററില്‍ ഒപ്പുവയ്ക്കാന്‍ ആരംഭിച്ചു.
ഇത് തടയാന്‍ ബിജെപി അംഗമെത്തി. ബലമായി രജിസ്റ്റര്‍ പിടിച്ചുവാങ്ങി. പിന്നീടാണ് കൈയ്യാങ്കളിയും മര്‍ദ്ദനവും ഷര്‍ട്ട് കീറലുമെല്ലാം നടന്നത്. ഏറെ നേരം ബഹളത്തില്‍ മുങ്ങിയ കൗണ്‍സില്‍ അവസാനിച്ച് മേയര്‍ ഓഫീസിലേക്ക് മടങ്ങി. രജിസ്റ്റര്‍ സുഗതന് അനുകൂലമാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയതെന്നും മേയര്‍ തന്നെ അതിന് നേതൃത്വം നല്‍കിയെന്നും ശബരീനാഥന്‍ ആരോപിച്ചു.