'ഒരു കാരണവശാലും അവധിയില്ല', ചമ്പക്കുളം മൂലം വള്ളംകളി ഇന്ന്, കേരളത്തിലെ ജലോത്സവ സീസണ് തുടക്കമാകും; പ്രാദേശിക അവധിയില്ലാത്തതില്‍ പ്രതിഷേധം.

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച്‌ ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് മത്സരം തുടങ്ങുക.ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പില്‍ പോരാട്ടത്തിന് ഇറങ്ങുന്നത്. ചുണ്ടൻ വള്ളങ്ങള്‍ക്ക് പുറമേ, വെപ്പ്, ഇരുട്ടുകുത്തി, ചുരുളൻ തുടങ്ങി വിവിധ വിഭാഗങ്ങളിലെ വള്ളങ്ങളും മത്സരത്തിലുണ്ട്. കേരളത്തിലെ ഏറ്റവും പഴക്കമേറിയ ജലോത്സവങ്ങളിലൊന്നാണ് മിഥുനമാസത്തിലെ മൂലം നാളില്‍ ചമ്പക്കുളം പമ്പയാറ്റില്‍ നടക്കുന്ന ജലോത്സവം. മന്ത്രി പി സി വിഷ്ണുനാഥാണ് ജലോത്സവം ഉദ്ഘാടനം ചെയ്യുക. എറണാകുളം റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്ര മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ ഷാജി വി നായർ ഉള്‍പ്പടെയുള്ളവർ പങ്കെടുക്കും.

അവധി ഇല്ലാത്തതില്‍ പ്രതിഷേധം ശക്തം

ഇന്ന് കുട്ടനാട് താലൂക്കില്‍ പ്രാദേശിക അവധി പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. അവധി അനുവദിക്കണമെന്ന കുട്ടനാട് എം എല്‍ എ റെജി ചെറിയാന്റെ നിയമസഭയിലെ ആവശ്യത്തോട് മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ അനൗദ്യോഗിക പ്രതികരണം വിവാദമായിരുന്നു. അവധി അനുവദിക്കണമെന്ന റെജി ചെറിയാന്‍റെ ആവശ്യത്തോട് ആലോചിക്കാമെന്ന് ഔദ്യോഗികമായി മറുപടി നല്‍കിയ മുഖ്യമന്ത്രി, ശേഷം സീറ്റിലിരുന്നിട്ട് 'ഒരു കാരണവശാലും കൊടുക്കില്ല' എന്ന് അടക്കം പറഞ്ഞതിന്‍റെ വീഡിയോ വലിയ ചർച്ചയായിരുന്നു.
Previous Post Next Post