തിരുവനന്തപുരം നഗരസഭയില്‍ ബിജെപിക്കെതിരായ യുഡിഎഫ് അവിശ്വാസ പ്രമേയത്തെ എല്‍ഡിഎഫ് പിന്തുണയ്ക്കില്ല.

തിരുവനന്തപുരം നഗരസഭയില്‍ ബിജെപിക്കെതിരായ യുഡിഎഫ് അവിശ്വാസ പ്രമേയത്തെ എല്‍ഡിഎഫ് പിന്തുണയ്ക്കില്ല. നയപരമായ പ്രശ്നമുള്ളതിനാല്‍ യുഡിഎഫിനെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയ് പറഞ്ഞു 'യുഡിഎഫ് കൊടുത്ത അവിശ്വാസ പ്രമേയത്തോടൊപ്പം നേരിട്ട് ഞങ്ങള്‍ക്ക് ചേരാന്‍ കഴിയില്ല.അത് നയപരമായ കാര്യമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധിക്കില്ല. പക്ഷെ, എല്ലാകാലത്തും അങ്ങനെയായിരിക്കില്ല. ഭാവിയില്‍ ചില മാറ്റങ്ങള്‍ വരും. അപ്പോള്‍ ചില കാര്യങ്ങള്‍ സംബന്ധിച്ച്‌ കര്‍ശനമായി ആലോചിക്കേണ്ടി വരും', വി ജോയ് പറഞ്ഞു.

കൗണ്‍സിലര്‍ സുഗതന്റെ അറസ്റ്റില്‍ യുഡിഎഫ് വെട്ടിലാണെന്നും ജോയ് ആരോപിച്ചു. വെടിവെച്ചുപിടിക്കേണ്ട സാഹചര്യം വട്ടിയൂര്‍ക്കാവില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി തന്നെ പറയുമ്പോള്‍ അത് ബിജെപിക്ക് സഹായകരമായ നിലപാട് സ്വീകരിക്കലാണ്. തെരഞ്ഞെടുപ്പില്‍ ബിജെപി സഹായിച്ചുവെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്. കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക് വരാത്തത് മുരളീധരന്റെ ഇടപെടലില്‍ ആണ്', വി ജോയ് ആരോപിച്ചു.

എന്നാല്‍ അവിശ്വാസ പ്രമേയ നീക്കത്തെ എല്‍ഡിഎഫ് പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. അവിശ്വാസ പ്രമേയത്തിനായി എല്‍ഡിഎഫുമായി ഒന്നിക്കുന്നതില്‍ തെറ്റില്ലെന്ന് കെ എസ് ശബരീനാഥന്‍ പറഞ്ഞു. 'ഭരണഘടനാപരമായ പ്രതിപക്ഷത്തിന്റെ അവകാശമാണ് അവിശ്വാസ പ്രമേയം. നിലവിലെ പദ്ധതികള്‍പ്പോലും താറുമാറായ സാഹചര്യത്തില്‍ ഇത് ജനങ്ങളെ ബോധിപ്പിക്കാനുളള ബാധ്യത പ്രതിപക്ഷത്തിനുണ്ട്. ആ ഫോറത്തില്‍ ഒന്നിക്കുന്നതില്‍ തെറ്റില്ല. അത് വേണ്ടെന്ന് അവര്‍ തീരുമാനിക്കുകയാണെങ്കില്‍ അവര്‍ക്ക് ബഹളം വെച്ച്‌ നടന്നാല്‍ മതിയെന്നാണ് മനസ്സിലാക്കേണ്ടത്', കെഎസ് ശബരീനാഥന്‍ പറഞ്ഞു.
Previous Post Next Post