സ്‌കോര്‍ട്ട്‌ലാൻഡിനെ തകര്‍ത്ത് മഞ്ഞപ്പട; വിനീഷ്യസിന് ഇരട്ട ഗോള്‍, കളത്തിലിറങ്ങി നെയ്മാര്‍.

ലോകകപ്പ് ഗ്രൂപ്പ് സിയിലെ നിർണായകമായ അവസാനമത്സരത്തില്‍ സ്‌കോർട്ട്‌ലാൻഡിനെ തകർത്തെറിഞ്ഞ് ബ്രസീല്‍. എതിരില്ലാത്ത മൂന്ന് ഗോളിനാണ് വിജയം.വിനീഷ്യസ് ജൂനിയർ രണ്ട് ഗോളും മത്തേയൂസ് കൂന്യ ഒരു ഗോളും നേടി. 980 ദിവസങ്ങള്‍ക്ക് ശേഷം സൂപ്പർ താരം നെയ്മറും കളത്തിലിറങ്ങി. 75-ാം മിനിറ്റില്‍ പകരക്കാരനായാണ് താരം എത്തിയത്.

കളിയുടെ ഏഴാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയർ സ്‌കോർട്ട്‌ലാൻഡിനെതിരെ ആദ്യ ഗോള്‍ നേടി. പിന്നാലെ 22-ാം മിനിട്ടില്‍ വിനീഷ്യസ് ജൂനിയർ വീണ്ടും ഗോള്‍ നേടി. എന്നാല്‍ വാർ പരിശോധിച്ച ശേഷം റഫറി ഗോള്‍ നിഷേധിക്കുകയായിരുന്നു. വീഡിയോ റിവ്യുവില്‍ ഗോള്‍ അടിക്കുന്നതിന് മുൻപ് വിനി ഫൗള്‍ ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് നിഷേധിച്ചത്.

ആദ്യപകുതിയുടെ അധികസമയത്ത് വിനീഷ്യസ് ജൂനിയറുടെ രണ്ടാം ഗോളും പിറന്നു. 60-ാം മിനിറ്റില്‍ മത്തേയൂസ് കൂന്യയിലൂടെ ബ്രസീല്‍ മൂന്നാമത്തെ ഗോളും നേടി. മൂന്ന് മത്സരങ്ങളില്‍ രണ്ടുജയവും ഒരു സമനിലയുമായി ബ്രസീലും മൊറോക്കോയും ഗ്രൂപ്പില്‍ ഏഴ് പോയിന്റ് പങ്കിട്ടെങ്കിലും മികച്ച ഗോള്‍ ശരാശരിയില്‍ ബ്രീസില്‍ ഒന്നാമതായി.
Previous Post Next Post