ട്രോളിംഗ് നിരോധനത്തിന് മുമ്പേ കുതിച്ചുയര്‍ന്ന് മത്സ്യവില.

ആലപ്പുഴ :ട്രോളിംഗ് നിരോധനം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പു തന്നെ മീൻ വില കുതിക്കുന്നു. മത്തി അടക്കമുള്ളവയ്ക്ക് വലിയ വിലയാണിപ്പോള്‍.12 വർഷങ്ങള്‍ക്ക് ശേഷം വലിയ മത്തി കേരളാ തീരത്ത് നിന്ന് ലഭിച്ചുതുടങ്ങിയെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. രണ്ടാഴ്ച മുമ്പ് 200 രൂപയുണ്ടായിരുന്ന മത്തിക്ക് 380 രൂപയാണിപ്പോള്‍. കിലോയ്ക്ക് 40 മുതല്‍ 50 രൂപവരെയാണ് മറ്റ് മീനുകള്‍ക്കുണ്ടായ വിലവർദ്ധന. അയലയ്ക്ക് 340 മുതല്‍ 380 രൂപ വരെ കിലോയ്ക്ക് വിലയുണ്ട്. വലുപ്പത്തിനനുസരിച്ച്‌ വിലയില്‍ വ്യത്യാസം വരും.
അതേസമയം, മണ്ണെണ്ണ വില വർദ്ധന, മത്സ്യക്ഷാമം, മത്സ്യബന്ധ ഉപകരണങ്ങള്‍ നശിക്കുക എന്നിവ കാരണം ആകെ ദുരിതത്തിലാണ് മത്സ്യത്തൊഴിലാളികള്‍. കടംവാങ്ങി വള്ളമിറക്കിയാല്‍ ആകെ ലഭിക്കുന്നത് ആകെ 300 രൂപ മാത്രമാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഒരു വള്ളമിറക്കുമ്പോള്‍ 30,000 രൂപയാണ് ചെലവാകുന്നത്. ലഭിക്കുന്നത് ആകെ 40,000 രൂപയും മാത്രം. വള്ളമിറക്കിയാല്‍ പലപ്പോഴും ഡോള്‍ഫിൻ കടല്‍മാക്രി എന്നിവയുടെ ശല്യംകാരണം വലകള്‍ കീറുന്നതും പതിവാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. സംസ്ഥാനത്ത് 1630 ഇൻബോർഡ് വള്ളങ്ങളും 600 ഓളം ഔട്ട്ബോർഡ് വള്ളങ്ങളുമാണുള്ളത്. ഓരോ വള്ളത്തിലും 50ഓളം തൊഴിലാളികളാണ് മത്സ്യബന്ധനത്തിന് പോകുന്നത്.
Previous Post Next Post