സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയെ തകർക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ച ലഹരി പ്രതിരോധ കർമപദ്ധതിയായ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിക്കു തുടക്കമായി.സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്ഹില്‍ ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളില്‍ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു.
ലഹരി മാഫിയയെ കേരളത്തില്‍നിന്നു തുരത്താൻ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
നാടിന്റെ ഏറ്റവും വലിയ സമ്പത്തായ യുവതലമുറയെ ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന മയക്കുമരുന്നു മാഫിയയ്ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ രാജ്യത്തിനു മാതൃകയായ കേരളം മയക്കുമരുന്ന് വ്യാപനത്തിന്റെ വെല്ലുവിളി നേരിടേണ്ടിവരുന്നത് അതീവ ദൗർഭാഗ്യകരമാണ്.
മയക്കുമരുന്നിന്റെ സ്വാധീനത്തില്‍ കുറ്റകൃത്യങ്ങളുടെ സ്വഭാവം കൂടുതല്‍ ക്രൂരമാവുകയാണ്. ലഹരി ഉപയോഗം കുടുംബബന്ധങ്ങളെപ്പോലും തകർക്കുന്ന സംഭവങ്ങള്‍ വർധിക്കുന്നതും ആശങ്കാജനകമാണ്. സംസ്ഥാനത്തെ ജനസംഖ്യയില്‍ വലിയൊരു വിഭാഗം യുവജനതയാണെന്നും കേരളത്തിന്റെ ഭാവി പുരോഗതിക്ക് കരുത്താകേണ്ട ഈ യുവത്വത്തെയാണ് ലഹരി മാഫിയ ലക്ഷ്യമിടുന്നതെന്നും അതില്‍ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓപ്പറേഷൻ തൂഫാൻ പദ്ധതിക്കു നേതൃത്വം നല്‍കിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും പോലീസ്, എക്സൈസ് സേനകളേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
മയക്കുമരുന്ന് ശൃംഖലയുടെ വേരറുക്കുമെന്നും മയക്കുമരുന്ന് ഇടപാടുകാർക്കെതിരേ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ‘നോ എക്സ്ക്യൂസസ്’ നിലപാടായിരിക്കും പോലീസ് സ്വീകരിക്കുകയെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.