സംസ്ഥാനത്ത് അതിശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ച നാല് ജില്ലകളില്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.കണ്ണൂർ, വയനാട്, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.
ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.
പ്രൊഫഷണല്‍ കോളജുകള്‍, സ്കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷൻ സെന്ററുകള്‍, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍ ഉള്‍പ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യല്‍ സ്കൂളുകള്‍ക്ക് അവധി ബാധകമല്ല.
മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല / പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും കളക്ടര്‍ അറിയിച്ചു.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഒൻപതാം തീയതി വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇന്ന് റെഡ് അലർട്ടാണ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അതേസമയം നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട്ടില്‍ ശനി, ഞായർ ദിവസങ്ങളില്‍ റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കുറുവ ദ്വീപ്, ബാണാസുര മീൻമുട്ടി വെള്ളച്ചാട്ടം, കാറ്റുകുന്ന് ആനച്ചോല ട്രക്കിങ്, ചെമ്പ്രപീക്ക് ട്രക്കിങ്, സൂചിപ്പാറ വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് വനംവകുപ്പ് അറിയിച്ചു.