ഇന്നും അതിശക്തമായ മഴ, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴിടത്ത് യെല്ലോ അലര്‍ട്ട്.

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇരു ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്.

മഹാരാഷ്ട്ര തീരത്തോട് ചേർന്ന്, മധ്യ - കിഴക്കൻ അറബിക്കടലിന് മുകളിലായി ചക്രവാതച്ചുഴി നിലകൊള്ളുന്നതും വടക്കൻ തെലങ്കാനയ്ക്കും സമീപപ്രദേശങ്ങള്‍ക്കും മുകളിലായുള്ള ചക്രവാതച്ചുഴി തുടരുന്നതുമാണ് കേരളത്തിലെ മഴ മുന്നറിയിപ്പ് കാരണം. ജൂണ്‍ 29 മുതല്‍ ജൂലൈ മൂന്നുവരെ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. കേരളത്തില്‍ ഇന്നുവരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂലൈ മൂന്നുവരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Previous Post Next Post