ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്നും ഉടൻ അടച്ചില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും കാണിച്ച് വാട്‌സ്‌ആപ്പിലൂടെയും എസ്‌എംഎസ് വഴിയും വ്യാജ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതായി കേരള മോട്ടോർ വാഹന വകുപ്പ് (എംവിഡി) മുന്നറിയിപ്പ് നല്‍കി.ഔദ്യോഗിക സന്ദേശങ്ങള്‍ക്ക് സമാനമായ രീതിയില്‍ തട്ടിപ്പുകാർ ലിങ്കുകള്‍ അയയ്ക്കുന്നതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും എംവിഡി അറിയിച്ചു.
അതേസമയം, "ഇ-ചലാൻ ആരും സ്വയം അടക്കരുത്" എന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശവും വ്യാജമാണെന്ന് എംവിഡി വ്യക്തമാക്കി. ജനങ്ങള്‍ക്ക് ഇടനിലക്കാരില്ലാതെ സർക്കാർ സേവനങ്ങള്‍ നേരിട്ട് ലഭ്യമാക്കാനാണ് ഓണ്‍ലൈൻ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്നും വകുപ്പ് വിശദീകരിച്ചു.
വാഹനത്തിന് ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട ചലാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് echallan.parivahan.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലോ NextGen mParivahan മൊബൈല്‍ ആപ്പിലോ പരിശോധിക്കാം. ചലാൻ ഉണ്ടെന്ന് സ്ഥിരീകരിച്ചാല്‍ അതേ ഔദ്യോഗിക പ്ലാറ്റ്ഫോമിലൂടെ തന്നെ ഓണ്‍ലൈനായി പിഴ അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണെന്നും എംവിഡി അറിയിച്ചു.
വാട്‌സ്‌ആപ്പിലോ എസ്‌എംഎസ് വഴിയോ ലഭിക്കുന്ന സന്ദേശങ്ങളിലെ ലിങ്കുകള്‍ ഉപയോഗിക്കാതെ, ഔദ്യോഗിക സൈറ്റില്‍ വാഹന നമ്പർ നല്‍കി വിവരങ്ങള്‍ പരിശോധിക്കണമെന്ന് വകുപ്പ് നിർദേശിച്ചു. സ്വയം പരിശോധിക്കാൻ ബുദ്ധിമുട്ടുള്ളവർ സർക്കാർ അംഗീകൃത അക്ഷയ കേന്ദ്രങ്ങളുടെ സേവനം ഉപയോഗപ്പെടുത്താമെന്നും അറിയിച്ചു.
ഓണ്‍ലൈൻ തട്ടിപ്പ് സംഘങ്ങള്‍ ജനങ്ങളുടെ അറിവില്ലായ്മ ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന സാഹചര്യത്തില്‍, അതിന്റെ പേരില്‍ സർക്കാർ ഓണ്‍ലൈൻ സേവനങ്ങളെ നിരുത്സാഹപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് എംവിഡി ചൂണ്ടിക്കാട്ടി. ഇത്തരം തട്ടിപ്പുകള്‍ ഒഴിവാക്കാൻ പൊതുജനങ്ങള്‍ ബോധവാന്മാരാകുകയാണ് ഏറ്റവും പ്രധാനമെന്നും വകുപ്പ് കൂട്ടിച്ചേർത്തു.