ഇനി കാൽപ്പന്തുകാലം; നാലാണ്ടിനിടയിലൊരിക്കൽ ഭൂമിയെ ആരവങ്ങളിൽ മുക്കുന്ന ആ ഉത്സവത്തിന് ഇന്ന് കൊടിയേറ്റം

ഏകദേശം 22 സെന്റീമീറ്റർ വ്യാസവും 450 ഗ്രാമിനടുത്ത് തൂക്കവുമുള്ള ഒരു പന്തിലേക്ക് ചുരുങ്ങുകയാണ് ലോകം. 

ആവേശക്കാഴ്ചകളുടെ ആകാശം തുറക്കുകയാണ്. അങ്ങ് അമേരിക്കയിലും മെക്സികോയിലും കനഡയിലുമായി കളിയുടെ പെരുങ്കളിയാട്ടത്തിലേക്ക് പന്തുരുളുമ്പോൾ മണലാരണ്യത്തിലും ആവേശം പൂത്തുതളിർക്കുന്നു. ആകാശ നീലിമയിലെ അർജന്‍റീനയും മഞ്ഞയിൽ വിരിയുന്ന കാനറിക്കൂട്ടവുമൊക്കെ അവരുടെ ഇഷ്ടങ്ങളിൽ കിരീട സ്വപ്നങ്ങളുടെ കനകവർണം തീർക്കുന്ന നാളുകളാണിനി. 

ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, വിനീസ്യൂസ് ജൂണിയര്‍, നെയ്മര്‍, എംബാപ്പേ, ലാമിന്‍ യമാല്‍ തുടങ്ങി താരങ്ങളുടെ കൂറ്റന്‍ ഫ്‌ളക്‌സുകളും കട്ടൗട്ടുകളുമാണ് കവലകളിലും ജങ്ങ്ഷനുകളിലും ആരാധകര്‍ ഉയര്‍ത്തിയിരിക്കുന്നത്.

ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് മെക്സികോ സിറ്റിയിലെ ചരിത്രമുറങ്ങുന്ന ആസ്ടെക്ക സ്റ്റേഡിയത്തിൽ ആതിഥേയരായ മെക്സികോയും ദക്ഷിണാഫ്രിക്കയും നേരങ്കം കുറിക്കുന്നതോടെ നാലാണ്ടിനിടയിലൊരിക്കൽ ഭൂമിയെ ആരവങ്ങളിൽ മുക്കുന്ന ആ ഉത്സവത്തിന് കൊടിയേറ്റമായി. . ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ടീമുകള്‍ പങ്കെടുക്കുന്ന ടൂർണമെന്റില്‍ കിരീട പ്രതീക്ഷയിലാണ് പ്രധാന ടീമുകള്‍.

നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ലോകകിരീടം നിലനിർത്താമെന്ന മോഹവുമായാണ് ഇത്തവണ ഇറങ്ങുന്നത്. ലയണല്‍ മെസ്സിയുടെ സാന്നിധ്യവും ടീമിന്റെ ഒത്തിണക്കവും തന്നെയാണ് സ്കലോണിയുടെയും സംഘത്തിന്റെയും പ്രധാന കരുത്ത്. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീല്‍ രണ്ടര പതിറ്റാണ്ടിന്റെ കിരീട വരള്‍ച്ചയ്ക്ക് അന്ത്യം കുറിക്കാൻ ഉറച്ചാണ് ലോകക്കപ്പിന് എത്തുന്നത്.

കാർലോ ആഞ്ചലോട്ടിയെന്ന യൂറോപ്യൻ പരിശീലകനും വിനീഷ്യസ് ജൂനിയർ, റഫീഞ്ഞ തുടങ്ങിയ പ്രധാന താരങ്ങളുടെ പ്രതിഭയിലുമാണ് കാനറികളുടെ പ്രതീക്ഷ. സുല്‍ത്താൻ നെയ്മാർ തന്നെയാണ് ബ്രസീലിന്റെ ട്രം കാർഡ്. കിരീടം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയില്‍ എത്തുന്ന ഫ്രാൻ‍സ് ഇത്തവണ എന്തിനും പോന്ന സംഘമാണ്. എംബാപ്പെ, ഡിമ്പലെ, മൈക്കല്‍ ഓലീസെ എന്നിവർ നയിക്കുന്ന മുന്നേറ്റ നിര എതിർ ഗോള്‍മുഖത്തു അപകടം വിതയ്ക്കുമെന്ന് ഉറപ്പാണ്.

നിലവിലെ യൂറോ ചാമ്പ്യൻമാരായ സ്പെയിൻ യുവനിരയുടെ കരുത്തുമായാണ് എത്തുന്നത്. ലാമിൻ യമാല്‍, നിക്കോ വില്യംസ്, റോഡ്രി, പെഡ്രി എന്നിവരടങ്ങുന്ന സംഘം എതിരാളികള്‍ക്ക് ഭീഷണിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. ചരിത്രത്തിലെ ഏറ്റവും വലിയ ടീമുമായി എത്തുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോർച്ചുഗല്‍ ആദ്യ കിരീടംമെന്ന സ്വപ്നവുമായാണ് ഇറങ്ങുന്നത്. കൂടാതെ പഴയ പ്രതാപമില്ലെങ്കിലും ആരെയും വീഴ്ത്താൻ ശേഷിയുള്ള ജർമനി,സൂപ്പർ താരം ഹാരി കൈൻ നയിക്കുന്ന ഇംഗ്ലണ്ട്, ഏത് കൊലകൊമ്പനെയും അട്ടിമറിക്കാൻ ത്രാണിയുള്ള നെതർലൻഡ് എന്നീ ടീമുകളും കിരീട പ്രതീക്ഷയില്‍ മുൻപന്തിയിലാണ്.

Previous Post Next Post