കോട്ടയം നഗരസഭ ആരോഗ്യവിഭാഗം നടത്തിയ വ്യാപക പരിശോധനയില്‍ പിടിച്ചെടുത്തത് ദിവസങ്ങള്‍ പഴക്കമുള്ള ചോറും ബീഫും ചിക്കൻകറിയും, ഹോട്ടലുകള്‍ വിളമ്പിയത് പുതിയ ഭക്ഷണത്തില്‍ കലര്‍ത്തി.


അയ്മനത്ത് ഷാപ്പില്‍ നിന്ന് തലക്കറി കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ വ്യാപക പരിശോധനയില്‍ ഒൻപത് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു.

ഇന്നലെ രാവിലെ നഗരസഭ പ്രദേശങ്ങള്‍, നാട്ടകം, കുമാരനല്ലൂർ വരെയുള്ള ബാർ ഹോട്ടലുകള്‍ ഉള്‍പ്പെടെ 22 ഹോട്ടലുകളിലായിരുന്നു പരിശോധന. ദിവസങ്ങള്‍ പഴക്കമുള്ള ചോറ്, ന്യൂഡില്‍സ്, വേവിച്ച ബീഫ്, പുളിശേരി, ചിക്കൻ കറി, മീൻകറി, കുഴിമന്തി, അച്ചാർ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ഗന്ധവും നിറവും മാറിയ നിലയിലായിരുന്നു. വീണ്ടും ചൂടാക്കി നല്‍കുകയോ പുതിയ ഭക്ഷണത്തോടൊപ്പം ചേർത്ത് വിതരണം ചെയ്യുകയുമായിരുന്നു.

ഏതൊക്കെ സ്ഥാപനങ്ങളില്‍ നിന്നാണ് ഇവ കണ്ടെത്തിയതെന്ന് അധികൃതർ പുറത്തുവിടാത്തതില്‍ ഒത്തുകളി ആക്ഷേപം ശക്തമാണ്. പല ഹോട്ടലുകളും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിച്ചിക്കുന്നത്. ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു.

പരിശോധന ശക്തമാക്കി
എല്ലാ ആഴ്ചയും ഹോട്ടലുകള്‍, വഴിയോര ഭക്ഷണശാലകള്‍, രാത്രികാല തട്ടുകടകള്‍ എന്നിവിടങ്ങളില്‍ പരിശോധന തുടരും. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ക്ലീൻ സിറ്റി മാനേജർ ടി.എ തങ്കം, ഹെല്‍ത്ത് ഇൻസ്‌പെക്ടർമാരായ പ്രവീണ്‍, സുർജിത്, ലിനീഷ് രാഷ്, വിഷ്ണു, പ്രമോദ്, രഘു, രമ്യ, വിസ്മയ, ഹിമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Previous Post Next Post