തിങ്കളാഴ്ച മുതല്‍ കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ച്‌ സർക്കാർ ഉത്തരവായി.നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ്.മുന്നോട്ട് വെച്ച ജനപ്രിയ വാഗ്ദാനമായ 'ഇന്ദിരാ ഗ്യാരണ്ടി' പദ്ധതിയിലെ ആദ്യ പ്രഖ്യാപനമാണിത്.

'പ്രിയദർശിനി' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ പ്രായ-വരുമാന ഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും സൌജന്യമായി യാത്ര ചെയ്യാം. ഇതിനുപുറമെ ട്രാൻസ്ജെൻഡേഴ്സിനും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ ഓർഡിനറി ബസുകളില്‍ മാത്രമായിരിക്കും ഈ സൌജന്യമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ പദ്ധതി നടപ്പിലാക്കുന്നതിലൂടെ കെ.എസ്.ആർ.ടി.സിക്ക് പ്രതിവർഷം 800 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഈ നഷ്ടം പൂർണ്ണമായും സംസ്ഥാന സർക്കാർ തന്നെ നികത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. നിലവില്‍ ശമ്പളവും പെൻഷനും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കായി പ്രതിമാസം നൂറ് കോടി രൂപയോളമാണ് സർക്കാർ കെ.എസ്.ആർ.ടി.സിക്ക് നല്‍കി വരുന്നത്. സ്ത്രീകളുടെ സൌജന്യയാത്രാ ചെലവുകൂടി വരുന്നതോടെ ഇത് പ്രതിമാസം 200 കോടി രൂപയ്ക്ക് അടുത്താകും. പദ്ധതിയുടെ തുടർന്നുള്ള വ്യാപിപ്പിക്കല്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ തീരുമാനിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Previous Post Next Post