ഫിഫ ലോകകപ്പ് സൗജന്യമായി ഇനി ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാം; ഈഗിള്‍സ് ക്ലബ്ബില്‍ രജിസ്റ്റര്‍ ചെയ്യണം; ആരാധകര്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി കായിക മന്ത്രി.


ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കേരളത്തില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി തന്നെ ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാമെന്ന് കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. ടിക്കറ്റ് വെച്ച്‌ വാണിജ്യ അടിസ്ഥാനത്തില്‍ പ്രദര്‍ശനം നടത്തുന്നവര്‍ക്ക് മാത്രമാണ് നിയന്ത്രണങ്ങളും പരിമിതികളും ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ലോകകപ്പ് പൊതുപ്രദര്‍ശനത്തിന് ഫിഫയുടെ വന്‍ തുകയുള്ള ലൈസന്‍സ് ഫീസ് നിര്‍ബന്ധമാക്കിയതുമായി ബന്ധപ്പെട്ട് കായികപ്രേമികള്‍ക്കിടയില്‍ ഉയര്‍ന്ന കടുത്ത ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി ഈ ആശ്വാസ വാര്‍ത്ത പ്രഖ്യാപിച്ചത്.

ഇന്ത്യയിലെ ഫിഫ മത്സരങ്ങളുടെ ഔദ്യോഗിക സംപ്രേഷണ പങ്കാളികളായ സീ എന്റര്‍ടൈന്‍മെന്റ് (ZEE), ഒ.ടി.ടി പ്ലാറ്റ്ഫോമായ സീ 5 (Zee5), കേരളത്തിലെ ഔദ്യോഗിക പബ്ലിക് വ്യൂയിംഗ് ഏകോപന പങ്കാളികളായ ഈഗിള്‍സ് ക്ലബ് എന്നിവരുമായി കായികവകുപ്പ് നടത്തിയ ചര്‍ച്ചയിലാണ് ഫുട്‌ബോള്‍ ആരാധകര്‍ക്ക് അനുകൂലമായ ഈ തീരുമാനം ഉണ്ടായത്. സംസ്ഥാനത്തെ പ്രാദേശിക ക്ലബുകള്‍, റസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, പബ്ലിക് ലൈബ്രറികള്‍, സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റി കോളേജുകള്‍, മറ്റ് സാമൂഹിക കൂട്ടായ്മകള്‍ എന്നിവടങ്ങളില്‍ യാതൊരുവിധ വാണിജ്യ താല്പര്യങ്ങളുമില്ലാതെ (സൗജന്യമായി) മത്സരങ്ങള്‍ ബിഗ് സ്‌ക്രീനില്‍ കാണിക്കാം. എന്നാല്‍, ഇത്തരത്തില്‍ പ്രദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ 'ഈഗിള്‍സ് ക്ലബ്ബിന്റെ' ഔദ്യോഗിക വെബ്സൈറ്റില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

പൊതുവിടങ്ങളില്‍ ലോകകപ്പ് പ്രദര്‍ശിപ്പിക്കാന്‍ വലിയ തുക ഫീസ് നല്‍കി ഫിഫ ലൈസന്‍സ് എടുക്കണമെന്നും, അല്ലാത്തപക്ഷം ആന്റി-പൈറസി നിയമപ്രകാരം കേസെടുക്കുമെന്നുമുള്ള കര്‍ശന താക്കീതുകള്‍ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ആരാധകരില്‍ നിന്നും ഉയര്‍ന്നത്. വന്‍കിട കമ്പനികള്‍ ഒരുക്കുന്ന ഫാന്‍ പാര്‍ക്കുകളിലേക്ക് ആളുകളെ ആകര്‍ഷിക്കാനുള്ള തന്ത്രമാണിതെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. കേരളത്തിലും മാഹിയിലും ഷാഫി മേത്തറിന്റെ ഉടമസ്ഥതയിലുള്ള 'ഈഗിള്‍സ് എഫ്.സി കേരള'യ്ക്കായിരുന്നു ലൈസന്‍സിങ് ചുമതല. ഈ നിയന്ത്രണങ്ങള്‍ കാരണം ഗ്രാമീണ ക്ലബുകളിലടക്കം ബിഗ് സ്‌ക്രീന്‍ ഒരുക്കാന്‍ കഴിയാതെ ഫുട്‌ബോള്‍ പ്രേമികള്‍ വലിയ നിരാശയിലായിരുന്നു. കായികവകുപ്പ് വിഷയത്തില്‍ ഇടപെടുന്നില്ലെന്ന രീതിയിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായിരുന്നു.

Previous Post Next Post