ഭരണം കിട്ടിയത് അഞ്ച് വർഷത്തേക്കാണെന്ന് മന്ത്രിമാരെയും എംഎല്‍എമാരെയും ഓർമ്മിപ്പിച്ച് ഇടുക്കി ഡിസിസി അംഗം നിഖില്‍ പൈലി.
വീണ്ടും തെരഞ്ഞെടുപ്പ് ഉണ്ടെന്നുള്ള കാര്യം മന്ത്രി ആയവരും എംഎല്‍എ ആയവരും അത് മറക്കരുത്. പല പാർട്ടിക്കാരും പരാതി പറഞ്ഞു തുടങ്ങി. താഴെത്തട്ടില്‍ കുറേ പാർട്ടി പ്രവർത്തകരും സൈബർ യുദ്ധം ചെയ്യുന്നവരും ഒക്കെ ചേർന്നാണ് നിങ്ങളെ ഭരണത്തിലേറ്റിയതെന്ന് മറക്കേണ്ടെന്നും നിഖില്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിങ്ങള്‍ക്ക് സുഖിക്കാനും പത്രാസ് കാട്ടാനും സില്‍ബന്ധികളെ കസേരയില്‍ ഇരുത്താനും സമ്പാദിക്കാനും ആണ് ഭരണമെന്ന് കരുതരുത്. ജനത്തിന് ഗുണം ചെയ്യണം, നാടിനും. പ്രവർത്തകരെ കാണുമ്പോള്‍ കൈ വീശി അങ്ങ് പോകരുത്. അവരെ കേള്‍ക്കണം. അവരെ ചേർത്തു നിർത്തി അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കണം. കഷ്ടപ്പെടുന്ന പാർട്ടി പ്രവർത്തകരെ കൂടി പരിഗണിക്കണമെന്നും ധീരജ് വധക്കേസിലെ പ്രതിയായ നിഖില്‍ പൈലി കുറിച്ചു.