സാമ്പത്തിക സ്ഥിതി ഗുരുതര വെല്ലുവിളികള്‍ നേരിടുന്നതായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രം (Kerala's Fiscal Health: A Status Report) വിലയിരുത്തുന്നു.
സംസ്ഥാനത്തിന്റെ സാമൂഹിക നേട്ടങ്ങള്‍ സംരക്ഷിക്കുകയും വികസനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയും ചെയ്യേണ്ടത് പുതിയ സര്‍ക്കാരിന്റെ പ്രധാന ഉത്തരവാദിത്തമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
5.07 ലക്ഷം കോടി ബാധ്യത; വരുമാനത്തിന്റെ 77% സ്ഥിരച്ചെലവുകള്‍ക്ക്
റിപ്പോര്‍ട്ടനുസരിച്ച് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ മൊത്തം ബാധ്യത 5.07 ലക്ഷം കോടി രൂപയിലെത്തിയിട്ടുണ്ട്. ഇത് സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (GSDP) 35.5 ശതമാനമാണ്. ശമ്പളം, പെന്‍ഷന്‍, പലിശ അടവ് എന്നിവയ്ക്കായി മാത്രം സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 77 ശതമാനത്തോളം ചെലവാകുന്നു. പലിശ അടവുകള്‍ മാത്രം വരുമാനത്തിന്റെ 20.9 ശതമാനം വിഴുങ്ങുന്നു.
ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകള്‍ക്കുള്ള ധനശേഷി ചുരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടിന്റെ വിലയിരുത്തല്‍.
കടമെടുക്കുന്നു, പക്ഷേ വികസന നിക്ഷേപം കുറവ്
സംസ്ഥാനങ്ങള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന ധനക്കമ്മിയാണ് കേരളത്തിനെങ്കിലും മൂലധന ചെലവ് വെറും 1.3 ശതമാനം GSDP മാത്രമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതായത് കടമെടുത്ത പണത്തിന്റെ വലിയൊരു വിഹിതം പുതിയ ആസ്തികള്‍ സൃഷ്ടിക്കുന്നതിനോ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനോ അല്ല, നിലവിലെ ചെലവുകള്‍ നിറവേറ്റുന്നതിനും പഴയ ബാധ്യതകള്‍ അടയ്ക്കുന്നതിനുമാണ് ഉപയോഗിക്കപ്പെടുന്നതെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.
ട്രഷറിയില്‍ കടുത്ത പണലഭ്യതാ സമ്മര്‍ദം
സംസ്ഥാന ട്രഷറിയുടെ പണലഭ്യതാ സ്ഥിതിയും റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കുന്നു. 2025-ല്‍ 262 ദിവസവും കേരളം റിസര്‍വ് ബാങ്കിന്റെ Ways and Means Advance സംവിധാനത്തെ ആശ്രയിച്ചതായും 84 ദിവസം ഓവര്‍ഡ്രാഫ്റ്റിലായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇത് സംസ്ഥാനത്തിന്റെ പ്രതിദിന പണമിടപാട് സംവിധാനത്തില്‍ നിലനില്‍ക്കുന്ന സമ്മര്‍ദത്തിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍.
48,000 കോടിയിലേറെ കുടിശ്ശിക ബാധ്യത
പുതിയ സര്‍ക്കാരിന് കൈമാറപ്പെട്ട കുടിശ്ശിക ബാധ്യതകളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ജീവനക്കാരുടെ ക്ഷാമബത്ത (DA), പെന്‍ഷന്‍കാരുടെ ക്ഷാമാശ്വാസം (DR), ബാങ്കുകള്‍, കരാറുകാര്‍ എന്നിവരോടുള്ള കുടിശ്ശികകള്‍ ഉള്‍പ്പെടെ മൊത്തം 48,733 കോടി രൂപയുടെ മാറ്റിവെച്ച ബാധ്യതകള്‍ സംസ്ഥാനത്തിനുണ്ടെന്നാണ് കണക്ക്.
ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളുള്ളത് കേരളത്തിലാണ്. 132 സജീവ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും നഷ്ടത്തിലാണ്. ആകെ നഷ്ടം 2021-22ലെ ₹31,571 കോടിയില്‍ നിന്ന് 2024-25ല്‍ ₹78,851 കോടിയായി ഉയര്‍ന്നു. KSRTC, KSSPL, KWA എന്നീ സ്ഥാപനങ്ങള്‍ മാത്രം 72 ശതമാനം നഷ്ടത്തിനും കാരണമായി. ഇതോടെ ഇവ നിലനിര്‍ത്താന്‍ തുടര്‍ച്ചയായി ബജറ്റ് സഹായം നല്‍കേണ്ടിവരുന്നു.
സാമൂഹിക ഉത്തരവാദിത്തം എന്ന പേരില്‍ പ്രവര്‍ത്തനക്ഷമതക്കുറവും സാമ്പത്തിക ദുരുപയോഗവും മറച്ചുവയ്ക്കരുതെന്ന് കമ്മിറ്റി നിര്‍ദേശിക്കുന്നു. ഉല്‍പാദന സബ്‌സിഡികളില്‍ നിന്ന് ഉപഭോഗ സബ്‌സിഡികളിലേക്കുള്ള മാറ്റമാണ് പരിഹാരമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. തന്ത്രപ്രധാനമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യുന്നതും പരിഗണിക്കണമെന്ന് ശുപാര്‍ശ ചെയ്യുന്നു